ന്യൂഡെല്‍ഹി: ആസാം കലാപവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും വീഡിയോ ക്ലിപ്പിങ്ങുകളും പ്രചരിക്കുന്നതിനു തടയിടുവാനായി കൂട്ട എസ്.എം.എസ്സുകളും എം.എം.എസ്സുകളും അയക്കുന്നതിനു പതിനഞ്ചു ദിവസത്തെക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇരുപത് കെ.ബിയില്‍ കൂടുതല്‍ ഡാറ്റ മൊബൈല്‍ ഫോണ്‍ വഴി അയക്കുന്നതിനോ അഞ്ചിലധികം എസ്.എം.എസ് ഒറ്റത്തവണ അയക്കുന്നതിനോ കഴിയില്ല.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടക്കുന്നതായും നടക്കുവാന്‍ പോകുന്നതായുമുള്ള വ്യാജവാര്‍ത്തകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നും മറ്റും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ഒഴിഞ്ഞു പോകുവാന്‍ തുടങ്ങിയിരുന്നു. ബംഗ്ലൂരിനെ കൂടാതെ മുംബൈ, ഹൈദരബാദ്, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇത്തരം ഒഴിഞ്ഞു പോകല്‍ ആരംഭിച്ചിരുന്നു.