ന്യൂഡല്‍ഹി: മ്യാന്‍മറിലെ ജനാധിപത്യ പോരാളി ആങ് സാന്‍ സൂചി ഇന്ത്യാ സന്ദര്‍ശനത്തിനെത്തി. യാങ്കോണില്‍ നിന്നും പ്രത്യേക വിമാനത്തില്‍ എത്തിയ സൂചി നമസ്തേ പറഞ്ഞു കൊണ്ടായിരുന്നു വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങിയത്. നാലു പതിറ്റാണ്ടിനു ശേഷമാണ് സൂചി ഇന്ത്യയില്‍ എത്തുന്നത്. ജവഹര്‍ ലാല്‍ നെഹൃവിന്റെ ജന്മ ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നതിനായാണ് സൂചി എത്തിയിരിക്കുന്നത്.
ഈ മാസം 18 വരെ നീളുന്ന സന്ദര്‍ശനത്തില്‍ സൂചി പഠിച്ചിരുന്ന ലേഡി ശ്രീറാം കോളേജ് സന്ദര്‍ശിക്കും. 1964-ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത് ഇവിടെ നിന്നുമാണ്. ആ കാലഘട്ടത്തില്‍ സൂചിയുടെ അമ്മ മ്യാന്മറിന്റെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്‍സഭാ സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങിയവരുമായി സൂചി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ പാര്‍ളമെന്റും സന്ദര്‍ശിക്കും. മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ സമാധി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്യും.