തൃശ്ശൂര്‍: കൌമാര കലാമേളക്ക് തിരശ്ശീലയുയര്‍ന്നതോടെ അക്ഷരാര്‍ഥത്തില്‍ കലയുടെ കുടമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് നടന രാജനായ വടക്കുംനാഥന്റെ തട്ടകം. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തിയതോടെ തൃശ്ശൂര്‍ നഗരം കലയുടെ പൂരത്തെ വലിയ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നടരാജന്റെ സന്നിധിയില്‍ നൂപുരധ്വനികളും താളമേളങ്ങളും കൊണ്ട് മുഖരിതമാകുമ്പോള്‍ പൂര നഗരി അതില്‍ സ്വയം ലയിച്ചു പോകുന്ന കാഴ്ചയാണെങ്ങും. നൂറുകണക്കിനാളുകള്‍ക്ക് മുമ്പില്‍ തങ്ങളുടെ കലാ വൈഭവം പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയില്‍ പങ്കെടുക്കുന്ന കുരുന്നു പ്രതിഭകള്‍ക്ക് അരങ്ങ് വടക്കുംനാഥസന്നിധിയില്‍ ആകുമ്പോള്‍ അത് ജന്മ സായൂജ്യമായി മാറുന്നു. കൊച്ചു കലാകാരന്മാരും കലാകാരികളും കാണികളെ മാത്രമല്ല വടക്കുംനാഥന്റെ മണ്ണിനെ വരെ കോരിത്തരിപ്പിക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങില്‍ എത്തിയതോടെ പൂരനഗരിയെന്നും സാംസ്കാരികതലസ്ഥാനമെന്നും പേരുള്ള ത്രിശ്ശിവപേരൂര്‍ ഒന്നു കൂടെ പ്രൌഢമാകുന്നു. രാവേറെ ചെല്ലുവോളം നൃത്തവേദിയില്‍ വിരിയുന്ന കലയുടെ കുടമാറ്റം കാണുവാന്‍ ആളുകള്‍ പൂരനഗരിയില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മിഴിയനക്കാതെ ശ്വാസം പിടിച്ച് നില്‍ക്കുന്ന കാഴ്ചയാണ് കാണാനാകുക. തൃശ്ശൂര്‍ പൂരത്തിന്റെ തെക്കോട്ടിറക്കം കഴിഞ്ഞുള്ള കുടമാറ്റത്തിനു മാത്രമേ ഒരു പക്ഷെ ഇത്തരം ഒരു കാഴ്ച കണുവാനാകൂ. കലാമത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ കടന്നെത്തിയ സന്തോഷ് പണ്ഡിറ്റിലേക്ക് കാണികളുടെ ശ്രദ്ധ ഇടയ്ക്ക് ഒന്നു മാറിയെങ്കിലും ക്ഷണനേരത്തില്‍ അവര്‍ അതില്‍ വിരസരുമായി. മാത്രമല്ല കുട്ട്യോള്‍ക്ക് കണ്ണേറുതട്ടാതിരിക്കാന്‍ എത്തിയതല്ലേ ?എന്ന് തൃശ്ശൂര്‍ കാരുടെ സ്വതസിദ്ധമായ കമന്റ് വരികയും ചെയ്തു.
സംസ്കൃതോത്സവത്തോടനുബന്ധിച്ച് ഉള്ള അഷ്ടപദി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ കുട്ടികളെ കാണാന്‍ ഇടയ്കയുടെ അന്തരിച്ച കുലപതി ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്‍ എത്തിയത് ആവേശം പകര്‍ന്നു. ഹരിഗോവിന്ദന്‍ കുട്ടികള്‍ക്കൊപ്പം ഇടയ്ക്ക വായിച്ചത് വ്യത്യസ്ഥമായ അനുഭവമായി. മാര്‍ഗ്ഗം കളി, മോണോ ആക്ട് തുടങ്ങിയവക്ക് കാണികള്‍ തിങ്ങി നിറഞ്ഞു. സൌമ്യ വധവും, പെരുമ്പാവൂരില്‍ ബസ്സ് യാത്രക്കാരനെ സഹയാത്രികള്‍ കൊലപ്പെടുത്തിയതുമെല്ലാം മോണോ ആക്ടില്‍ വിഷയമായി. പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങള്‍ മത്സരം കാണുവാനും വിവിധ സാംസ്കാരിക പരിപാടികള്‍ പങ്കെടുക്കുവാനുമായി എത്തിക്കൊണ്ടിരിക്കുന്നു. ഏഴു രാവും പകലും നീളുന്ന കലാമേള കാണുവാന്‍ ഉള്‍ഗ്രാമങ്ങളില്‍ നിന്നു പോലും ആളുകള്‍ ഒഴുകിയെത്തുകയാണ് വടക്കുംനാഥന്റെ തട്ടകത്തിലേക്ക്. റിയാലിറ്റി ഷോകളുടെ തട്ടിപ്പുകള്‍ കണ്ട് മനം മടുത്തവര്‍ക്ക് എസ്. എം.എ സിന്റെ പിന്‍ബലമില്ലാത്ത, അമേരിക്കന്‍ ജന്മം കൊണ്ട് “അനുഗ്രതീതരാകാത്ത“ കേരളീയ കലാകാരന്മാരുടെ കഴിവു മാറ്റുരക്കുന്ന ഈ വേദി വേറിട്ടൊരു അനുഭവമായി മാറുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്സവം, വിദ്യാഭ്യാസം, സാഹിത്യം