തിരുവനന്തപുരം: സി. പി. എം. സംസ്ഥാന സമ്മേളന ചര്‍ച്ചക്കിടെ ഉയര്‍ന്നു വന്നതായി പറയപ്പെടുന്ന ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു വി. എസ്. അച്ച്യുതാനന്തന്‍ ശക്തമായ മറുപടി നല്‍കി. ക്രൂരമായ മര്‍ദ്ധനങ്ങളേയും തൂക്കുകയറുകളേയും വെല്ലുവിളിച്ചും നേരിട്ടും വളര്‍ന്നവരെ ക്യാപിറ്റല്‍ പണിഷ്‌മെന്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുവാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ലെന്ന് വി. എസ് പറഞ്ഞു. പാട്ടി സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന പൊതു യോഗത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി വി. എസ് തുറന്നടിച്ചപ്പോള്‍ കാണികള്‍ കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും പിന്തുണച്ചു. അച്ച്യുതാനന്തനെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന തരത്തില്‍ വരെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. കണ്ണൂരിലും പുന്നപ്രയിലും വയലാറിലും ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് ഞങ്ങള്‍ നേരിട്ടതെന്നും വി. എസ് തുടര്‍ന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോടും വിമര്‍ശനങ്ങളോടും വി. എസ് ആഞ്ഞടിച്ചപ്പോള്‍ വേദിയില്‍ ഇരുന്ന നേതാക്കള്‍ പരസ്പരം നോക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സംസാരിച്ച കോടിയേരി ബാലകൃഷ്ണന്‍ വി. എസ് ഉദ്ദേശിച്ചത് അദ്ദേഹത്തിനെതിരായി ഉയര്‍ന്നു വന്ന ഭൂമിക്കേസിലെ വിജിലന്‍സ് അന്വേഷണവും ജയിലില്‍ അടക്കുമെന്ന പ്രഖ്യാപനങ്ങളുമാണ് എന്ന് പറഞ്ഞ് വിശദീകരണത്തിനു മുതിര്‍ന്നു. വി. എസ് എന്താണ് ഉദ്ദേശിച്ചതെന്ന് കാണികള്‍ക്ക് വളരെ വ്യക്തമായ സാഹചര്യത്തില്‍ കോടിയേരിയുടെ വാദം വളരെ ദുര്‍ബലമായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍