ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡണ്ട് പി.കെ.നാരായണപ്പണിക്കര്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 2.10ന് ചങ്ങനാശ്ശേരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1984- മുതല്‍ തുടര്‍ച്ചയായി ഇരുപത്തെട്ട് വര്‍ഷം എന്‍. എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും അധികം ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്ന ആളാണ് നാരായണപ്പണിക്കര്‍. അനാരോഗ്യം മൂലം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും പ്രസിഡണ്ടായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭൌതിക ദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം നാളെ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സൌമ്യനായ സമുദായ നേതാവായാണ് പി. കെ. നാരായണപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത്. എന്‍. എസ്. എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഘലയില്‍ കൂടുതല്‍ വികസിപ്പിച്ചത് അദ്ദേഹം ജനറല്‍ സെക്രട്ടറിയായി ഇരുന്ന കാലത്തായിരുന്നു. സമുദായവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ ദൂരം പാലിക്കുക എന്നതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സമദൂര സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവായി അദ്ദേഹം അറിയപ്പെട്ടു.