കൊല്ലം: പാര്‍ളമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചതിലും ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ചതിലും പ്രതിഷേധിച്ച് ആര്‍.എസ്.പി ഇടത് മുന്നണി വിട്ടു. കൊല്ലത്ത് മുതിര്‍ന്ന നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ മത്സരിക്കും. സി.പി.എം സ്ഥാനാര്‍ഥി മുന്‍ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബിയാണ്. യു.ഡി.എഫ് ഇനിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ എല്‍.ഡി.ഫിലും, യു.ഡി.ഫിലുമായി ഭിന്നിച്ചു നില്‍ക്കുന്ന ആര്‍.എസ്.പി കള്‍ ലയിക്കുകയാണെങ്കില്‍ പ്രേമചന്ദ്രന്‍ ആയിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇതു സംബന്ധിച്ച് ആര്‍.എസ്.പി (ബി) നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നേരത്തെ ആര്‍.എസ്.പി മത്സരിച്ചിരുന്ന കൊല്ലം സീറ്റ് സി.പി.എം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ സി.പി.എം ഈ സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. ആര്‍.എസ്.പി.യ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ പ്രേമചന്ദ്രന്‍ മത്സര രംഗത്ത് ഇറങ്ങുന്നതോടെ മത്സരം കടുക്കും. എം.എ.ബേബിയെ സംബന്ധിച്ച് മണ്ഡലത്തില്‍ വേണ്ടത്ര സ്വാധീനവുമില്ല. പാര്‍ളമെന്റേറിയന്‍ എന്ന നിലയില്‍ പ്രേമചന്ദ്രന്‍ കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടെ കണക്കിലെടുക്കുമ്പോള്‍ ഇടതു പക്ഷത്തിനു കനത്ത ക്ഷീണം സംഭവിക്കാനിടയുണ്ട്.
ആര്‍.എസ്.പിയെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകേണ്ടതില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം. ഏക പക്ഷീയമായി സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന് സീറ്റുകള്‍ പങ്കിട്ടെടുത്ത ശേഷം ചര്‍ച്ച ചെയ്യുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. ജോസഫ് വിഭാഗം മുന്നണിവിട്ടപ്പോള്‍ ഒഴിവു വന്ന സീറ്റും സി.പി.എം എടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ സെക്യുലറിനു സീറ്റു നല്‍കാത്തതിന്റെ പേരില്‍ അവര്‍ മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നിരുന്നു. ഘടക കക്ഷികള്‍ക്ക് സീറ്റ് നിഷേധിക്കുന്ന സി.പി.എമ്മിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി കൂടെ മുന്നണി വിട്ടതോടെ കേരളത്തില്‍ ഇടതു മുന്നണി എന്നത് ഇല്ലാതായതായി രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോളും ചെറുകക്ഷികള്‍ക്ക് സ്വാധീനമില്ലെന്ന് പറഞ്ഞ് സി.പി.എം സീറ്റ് ഏറ്റെടുക്കും. സി.പി.ഐ ആകട്ടെ മുന്നണി മര്യാദക്ക് നിരക്കാത്ത ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ തയ്യാറാകുന്നുമില്ല. അവര്‍ തങ്ങളുടെ സീറ്റു നഷ്ടപ്പെടാതിരിക്കുവാനയി സി.പി.എമ്മിന്റെ തീരുമാനത്തെ നിശ്ശബ്ദമായി പിന്താങ്ങുകയും ചെയ്യുന്നു.
കൊല്ലത്ത് മത്സരിക്കുവാനുള്ള ആര്‍.എസ്.പിയുടെ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതനാന്ദന്‍ ആവശ്യപ്പെട്ടു. കടുത്ത തീരുമാനം ഉപേക്ഷിച്ച് ഇടതു പക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുവാന്‍ ആര്‍.എസ്.പി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
- എസ്. കുമാര്‍