കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മെച്ചപ്പെട്ട വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ജോസ് പ്രകാശ് (87) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊച്ചിയിലെ സണ്‍റൈസ് ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹം മൂലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിനു ജെ. സി. ഡാനിയല്‍ പുരസ്കാരം ലഭിച്ചത്. ആശുപത്രി കിടക്കയില്‍ അത്യാസന്നനിലയില്‍ കിടന്നാണ് അദ്ദേഹം അവാര്‍ഡ് വാര്‍ത്ത അറിഞ്ഞത് . നാളെയായിരുന്നു പുരസ്കാരം നല്‍കുവാന്‍ തീരുമാനിച്ചിരുന്നത്.
നാലുപതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിന്ന ജോസ്പ്രകാശ് വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിലെ സൂക്ഷ്മതയും ഉച്ചാരണത്തിലെ പ്രത്യേകതകളും ഒപ്പം ആകാരത്തിനനുസരിച്ചുള്ള കോസ്റ്റ്യൂമുകളും മറ്റേതൊരു വില്ല്ലനേക്കാളും ഗംഭീരമാക്കി തീര്‍ക്കുവാന്‍ അദ്ദേഹത്തിനായി. മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജോസ് പ്രകാശ് അവസാന നാളുകളില്‍ ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറിയിരുന്നു. ശരിയോ തെറ്റോ എന്ന സിനിമയിലൂടെ ആയിരുന്നു ജോസ്പ്രകാശിന്റെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്. 1969-ല്‍ റിലീസ് ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ജോസ്പ്രകാശിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. മനുഷ്യ മൃഗം, സി.ഐ.ഡി നസീര്‍, ഓളവും തീരവും, പുതിയ വെളിച്ചം, പഞ്ചതന്ത്രം, ലിസ, ഈറ്റ,അറിയപ്പെടാത്ത രഹസ്യം, മാമാങ്കം, അഹിംസ, സ്വന്തമെവിടെ ബന്ധമെവിടെ, അഥര്‍വ്വം, എന്റെ കാണാക്കുയില്‍,ദേവാസുരം, പത്രം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദെഹം തന്റെ അഭിനയമികവ് തെളിയിച്ചു. സിനിമയില്‍ സജീവമാകുന്നതിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. നടന്‍ എന്നതിനപ്പുറം നല്ലൊരു ഗായകന്‍ കൂടെയായിരുന്നു ജോസ്പ്രകാശ്.
കോട്ടയം കുന്നേല്‍ കെ. ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രനായി 1926 ലാണു ജോസ് പ്രകാശ് ജനിച്ചത്. കലയോടുള്ള അടങ്ങാത്ത താത്പര്യമാണ് പട്ടാളക്കാരനായിരുന്ന ജോസിനെ സിനിമയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്ക് ആണ് ജോസ് പ്രകാശ് അഭിനയിച്ച അവസാന ചിത്രം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം