മലപ്പുറം: കോണ്‍ഗ്രസ് പതാക ഒരു സമുദായ നേതാവിനും അടിയറവയ്ക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ആരുടെയും ഔദാര്യമല്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസും സി.പി.എമ്മും ഒഴികെ തനിച്ച് മത്സരിക്കാന്‍ കഴിവുള്ള ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ല, ലീഗിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു ആര്യാടന്റെ വിമര്‍ശനം. മുന്‍പ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത് വലിയ കാര്യമാണെന്ന് ചില ലീഗ് നേതാക്കള്‍ വലിയ കാര്യമായി പറയുന്നു. ഔദാര്യത്തില്‍ നേടിയ സ്ഥാനങ്ങള്‍ ജന്മാവകാശമായി കാണുകയാണ് അവര്‍ എന്നും അദ്ദേഹം ചോദിച്ചു. ലീഗ് ജനറല്‍ സെക്രെട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. നടത്തിയ വാര്‍ത്താ സമ്മേളനത്തിനു മറുപടിയായാണ് ആര്യാടന്‍ രൂക്ഷമായി ലീഗിനെതിരെ പറഞ്ഞത്. മന്ത്രിസ്ഥാനം വലിയ കാര്യമാണെന്ന് കരുതുന്നില്ല. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് മന്ത്രിസ്ഥാനമെങ്കില്‍ നൂറുതവണ തുമ്മാന്‍ തയ്യാറാണ്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ ആരുവിചാരിച്ചാലും കഴിയില്ലെന്ന്, കോണ്‍ഗ്രസിന് ക്ഷീണം വരുത്തുന്ന ഒരു കാര്യവും മരണംവരെ ചെയ്യില്ല. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയും. അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍