കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ട കൊലപാതകക്കേസില്‍ പ്രതി ഇമാം ഹുസൈന്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കര്‍ണ്ണാടക സാഗര്‍ സ്വദേശിയായ ഇമാം ഹുസൈന്‍ കാസര്‍കോട് ബദിയടുക്ക പെര്‍ള ദേവലോകം ശ്രീകൃഷ്ണ ഭട്ട്(45) ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ പതിനെട്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി. വൈ. എസ്.പി കെ. വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
1993 ഒക്ടോബര്‍ ഒമ്പതാം തിയതിയാണ് നാടിനെ നെടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. ശ്രീകൃഷ്ണ ഭട്ടിന്റെ തോട്ടത്തില്‍ നിധി ഒളിഞ്ഞിരിപ്പുണ്ടെന്നും താന്‍ അത് കണ്ടെത്തി എടുത്തു തരാമെന്നും പറഞ്ഞ് അദ്ദേഹത്തെ ഇമാം ഹുസൈന്‍ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് നിധി സ്വായത്തമാക്കുവാന്‍ ഇമാമിന്റെ നേതൃത്വത്തില്‍ പൂജകളും മറ്റും നടത്തി. പൂജയുടെ ഭാഗമായി നിധി കണ്ടെത്തുവാന്‍ എന്ന വ്യാജേന തോട്ടത്തില്‍ വലിയ കുഴി കുഴിച്ചു. ഇതിനിടയില്‍ മണ്‍വെട്ടികൊണ്ട് കൃഷ്ണഭട്ടിനെ തലക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം കുഴിയില്‍ മണ്ണിട്ടു മൂടുകയും ചെയ്തു. തുടര്‍ന്ന് കൃഷ്ണഭട്ടിന്റെ വീട്ടിലെത്തിയ പ്രതി അദ്ദെഹത്തിന്റെ ഭാര്യ ശ്രീമതിയെ മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന് അവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കേരളം വിടുകയായിരുന്നു. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഭട്ടിന്റെ മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പൂജയുടെ പേരു പറഞ്ഞ് അവരെ പ്രത്യേകം മുറിയില്‍ ഉറക്കിക്കെടുത്തിയിരിക്കുകയായിരുന്നു.
ബദിയടുക്ക ലോക്കല്‍ പോലീസാണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൂടുവാന്‍ വൈകുന്നതിനെ തുടര്‍ന്ന് ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുവാന്‍ തുടങ്ങി. അതോടെ കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കര്‍ണ്ണാടകയിലെത്തിയ പോലീസ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. നാടകീയമായാണ് പ്രതിയുടെ അറസ്റ്റ് ഉണ്ടായത്.
പൂജയ്ക്കായി കൊണ്ടുവന്ന കോഴി പിന്നീട് കേസിലെ ദൃക്‌സാക്ഷി പട്ടികയില്‍ ഇടം പിടിച്ചിരുന്നു എന്ന അപൂര്‍വ്വമായ സംഭവവും ദേവലോകം കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ കോഴിയെ ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ സംരക്ഷിക്കുവാന്‍ ഏല്പിക്കുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്