തിരുവനന്തപുരം: മുസ്ലിം ലീഗ്-കോണ്‍ഗ്രസ്സ് വാക്ക് പോരിനിടയില്‍ ആര്യാടന്‍ കെ. പി. എ മജീദിനെ ഉപമിച്ചത് എട്ടുകാലിമമ്മൂഞ്ഞിനോട്? ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു മുസ്ലിം ലീഗാണെന്ന കെ. പി. എ മജീദിന്റെ പ്രസ്ഥാവനയോട് പ്രതികരിക്കവേ വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരുന്നെങ്കില്‍ മജീദിനെ അദ്ദേഹത്തിന്റെ കഥാപാത്രമാക്കുമായിരുന്നു എന്ന് ആര്യാടന്‍ പരിഹസിച്ചിരുന്നു. എന്തു സംഭവിച്ചാലും അത് ഞമ്മളാണ് എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞെന്ന ബഷീറിന്റെ കഥാപാത്രം ഏറെ പ്രസിദ്ധമാണ്. ഒരിക്കല്‍ മനക്കലെ ലക്ഷ്മിക്കുട്ടി പ്രസവിച്ചു എന്നു പറയുമ്പോള്‍ ആ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വവും ഞമ്മളാണെന്ന് മമ്മൂഞ്ഞ് പറഞ്ഞു. പിന്നീടാണ് അത് മനക്കലെ അന്തര്‍ജ്ജനമല്ല അവിടത്തെ ആനയായിരുന്നു പ്രസവിച്ചത് എന്ന് മമ്മൂഞ്ഞ് അറിയുന്നത്. ബഷീര്‍ സാഹിത്യത്തില്‍ കടന്നു വരുന്ന കറുത്ത ഹാസ്യത്തിലെ തിളക്കമാര്‍ന്ന ഒരു കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. പിന്നീട് മറ്റുള്ളവരുടെ നേട്ടങ്ങള്‍ തന്റേതാണെന്ന് അനര്‍ഹമായി അവകാശപ്പെടുന്നവരെ എട്ടുകാലി മമ്മൂഞ്ഞ് എന്ന് വിശേഷിപ്പിക്കപ്പെടുവാന്‍ തുടങ്ങി.
ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു തങ്ങളാണെന്നു പറയുന്ന മുസ്ലിം ലീഗ് കേരളം ഉണ്ടാക്കിയത് തങ്ങളാണെന്ന് പറഞ്ഞില്ലല്ലോ എന്ന് ആര്യാടന്‍ ലീഗിനെ പരിഹസിച്ചു. യു. ഡി. എഫില്‍ മാലിന്യം ഉണ്ടെന്ന് പറയുന്നവര്‍ സ്വന്തം കൂട്ടത്തിലാണ് അതുള്ളതെന്ന് മനസ്സിലാക്കണമെന്നും. അപമാനം സഹിച്ച് ആരും മുന്നണിയില്‍ നില്‍ക്കില്ലെന്നും അങ്ങിനെ നില്‍ക്കേണ്ട കാര്യമില്ലെന്നും ആര്യാടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം