തിരുവനന്തപുരം : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിതത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഇന്ത്യയില്‍ നിരോധിക്കണമെന്നും മാനവ രാശിക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ മാരക വിഷത്തിനെതിരെ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ നിലപാട് എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് ഉപവാസ സമരം നടത്തും.
തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് കൂട്ട ഉപവാസം നടത്തുക. രാഷ്ടീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അടക്കം ഉള്ളവര്‍ എന്‍ഡോസള്‍ഫാന് എതിരെ അണിനിരക്കും. വൈകീട്ട് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരന്തം പേറുന്ന ജീവിച്ചിരിക്കുന്ന രക്ഷസാക്ഷികളില്‍ ഒരാളായ കാസര്‍കോട് സ്വദേശിനി ഷാഹിന മുഖ്യമന്ത്രിക്ക് നാരങ്ങാ നീരു നല്‍കി ഉപവാസം അവസാനിപ്പിക്കും.
എന്‍ഡോസള്‍ഫാന് എതിരെ കേരളത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. എന്നാല്‍ തുടക്കം മുതലേ കേന്ദ്ര കൃഷി വകുപ്പ് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുമുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും അനുകൂലമായ ഒരു മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല എന്‍ഡോസള്‍ഫാന്റെ ദോഷങ്ങളെ പറ്റി പഠിക്കുവാന്‍ പുതിയ ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി