കൊടുങ്ങല്ലൂര്‍: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സമരംനടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുതല്‍ ചാവക്കാട് വരെ ഉള്ള തീരദേശ മേഘലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. സംയുക്ത സമര സമിതിയും ദേശീയപാത ആക്ഷന്‍ കൌണ്‍സിലുമാണ് ഹര്‍ത്താലിനു ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഉള്ള ഹര്‍ത്താല്‍ സമാധാനപരമായാണ് നടക്കുന്നത്. ദേശീയപാത വികസനത്തിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ചൊവ്വാഴ്ച സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടന്ന കയ്പമംഗലത്ത് സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ടി.എല്‍. സന്തോഷ്, കെ.ജി.സുരേന്ദ്രന്‍, പി.സി അജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടന്നിരുന്നു. അമ്പതോളം വരുന്ന സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.
- എസ്. കുമാര്‍