കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വാതുവെപ്പു നടത്തി പരാജയപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമന്‍ തന്റെ വാക്കു പാലിച്ചു. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ലഭിക്കുന്ന സീറ്റിന്റെ എണ്ണം സംബന്ധിച്ചായിരുന്നു ഇരുവരും തമ്മില്‍ വാതുവെപ്പ്. യു.ഡി.എഫിന് 75-ല്‍ താഴെ സീറ്റു മാത്രമേ ലഭിക്കൂ എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത് എന്നാല്‍ 85 സീറ്റില്‍ അധികം ലഭിക്കുമെന്ന് വക്കം അവകാശപ്പെട്ടു. വാദം മൂര്‍ച്ചിച്ചപ്പോള്‍ ഇരുവരും ഇതു സംബന്ധിച്ച് വാതുവെപ്പും നടത്തി. ഒടുവില്‍ വെള്ളാപ്പള്ളി പറഞ്ഞതു പോലെ യു.ഡി.എഫിനു കേവലം 72 സീറ്റു മാത്രമേ ലഭിച്ചുള്ളൂ. ഇതേ തുടര്‍ന്ന് പന്തയത്തില്‍ പരാജയപ്പെട്ട വക്കം പുരുഷോത്തമന്‍ നവരത്നം പതിച്ച രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം വെള്ളാപ്പള്ളിക്ക് നല്‍കുവാന്‍ തയ്യാറായി. രാവിലെ കണിച്ചു കുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ വക്കം മോതിരം വെള്ളാപ്പള്ളിയുടെ വിരലില്‍ അണിയിച്ചു. സ്വര്‍ണ്ണത്തേക്കാള്‍ വില പറഞ്ഞ വാക്കിനു താന്‍ വില കല്പിക്കുന്നതായി വക്കം പറഞ്ഞു.
യു.ഡി.ഫ് മന്ത്രിസഭ രണ്ടുവര്‍ഷം തികക്കില്ലെന്ന് പറഞ്ഞ് മറ്റൊരു വാതുവെപ്പിന് വെള്ളാപ്പള്ളി വക്കത്തെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചു. ഭൂരിപക്ഷം കുറവാണെങ്കിലും യു.ഡി.ഫ് കാലാവധി തികക്കും എന്ന് വക്കം പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്