തിരുവനന്തപുരം: പാട്ടക്കാരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം വകുപ്പു മന്ത്രി ഗണേശ് കുമാര്‍ നിയമ സഭയില്‍ വ്യക്തമാക്കി. ഒരു സെന്റ് വന ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു വനം മന്ത്രി. വി. ചെന്താമരാക്ഷന്‍ ആണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍ മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിനു അനുമതി നല്‍കുവാന്‍ സ്പീക്കര്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ബഹളം വച്ച പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അലംഭാവം കാണിച്ചെന്നും എസ്റ്റേറ്റ് ഉടമകളെ സഹായിക്കുവാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പ്രതിപക്ഷം നിയമ സഭയില്‍ ആരോപിച്ചു.
നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ പിടിച്ചെടുക്കുമെന്ന് നിയമ സഭയില്‍ പ്രസ്ഥാവന നടത്തിയ വനം മന്ത്രി ഗണേശ് കുമാര്‍ നെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് രംഗത്തെത്തി. വാര്‍ത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം വനം മന്ത്രി ഗണേശിനെ വിമര്‍ശിച്ചത്. ഗണേശ് കുമാര്‍ നിയമ സഭയില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്നും യു. ഡി. എഫ്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളെ അപമാനിക്കുകയാണ് ഗണേശ് കുമാര്‍ ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയം വനം മന്ത്രി സ്പോണ്‍സര്‍ ചെയ്തതാണെന്നും പി. സി. ജോര്‍ജ്ജ് തുറന്നടിച്ചു. എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതിനു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം