കൊച്ചി: റോഡുവക്കിലും, ഫുഡ്‌പാത്തിലും യോഗം ചേരുന്നതും, പ്രകടനം, കച്ചവടം എന്നിവ നടത്തുന്നതും ഹൈക്കോടതി നിരോധിച്ചു. ഇതു പ്രകാരം പൊതു യോഗങ്ങള്‍ക്കൊ, പ്രതിഷേധപ്രകടനങ്ങള്‍ക്കായോ, ഘോഷയാത്രകള്‍ക്കായോ മറ്റോ സ്ഥിരമായോ താല്‍ക്കാലികമായോ പന്തലുകളോ ഷെഡ്ഡുകളോ കെട്ടുവാന്‍ പാടില്ല. ഒരു പൊതു താല്പര്യ ഹര്‍ജിയെ തുടര്‍ന്ന് 2010-ല്‍ റോഡരികില്‍ പൊതു യോഗം ചേരുന്നത് കോടതി നിരോധിച്ചിരുന്നു. പൊതു നിരത്ത് സംബന്ധിച്ച നിയമ പ്രകാരം പൊതുറോഡില്‍ സഞ്ചരിക്കുന്നതിനു തടസ്സമുണ്ടാക്കരുതെന്ന് വ്യവസ്ഥയുണ്ട് റോഡ് വക്ക് അഥവാ ഫുട്പാത്തും ഇതിന്റെ പരിധിയില്‍ പെടുമെന്ന് കോടതി നിരീക്ഷിച്ചു .
കുറ്റിപ്പുറത്ത് ഒരു ബാറിനു മുമ്പിലെ നടപ്പാതയില്‍ ഉയര്‍ത്തിയ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഉടമ കോടതിയെ സമീപിച്ചിരുന്നു. അടുത്തിടെ ബാറില്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ അവിടെ പ്രതിഷേധപന്തല്‍ ഉയര്‍ത്തി സമരം നടത്തിവന്നിരുന്നത്. ഇത് ബാറിലേക്കുള്ള പ്രവേശന കവാടത്തിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബാറിലേക്ക് വരുന്നതിനു ബുദ്ധിമുട്ടുക്കാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊതു നിരത്തില്‍ തടസ്സം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി ഉടമ ഹര്‍ജി നല്‍കിയത്. ഈ ഷെഡ്ഡ് 24 മണിക്കൂറിനകം പൊളിച്ചു മാറ്റുവാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള ഹൈക്കോടതി