തൃശ്ശൂർ : വിദേശ മദ്യത്തിന്റെ വില ആറു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ തീരുവകളും നികുതിയുമടക്കം ഫലത്തില്‍ ഇത് 13% ത്തോളം വരും. പുതുക്കിയ വില വിവര പട്ടിക ചൊവ്വാഴ്ച പുറത്തിറക്കും. വില വര്‍ദ്ധനവ് വ്യാഴാഴ്ച നിലവില്‍ വരും. സ്പിരിറ്റിന്റെ ഉള്‍പ്പെടെ മദ്യത്തിന്റെ ഉല്പാദന ചിലവ് വര്‍ദ്ധിച്ചതായും അതിനാല്‍ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്നും ഡിസ്റ്റിലറി ഉടമകള്‍ കുറച്ചു കാലമായി ആവശ്യപ്പെട്ടു വരികയാണ്.
മലയാളികളുടെ നിത്യോപയോഗ സാധനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മദ്യത്തിനും വില വര്‍ദ്ധിപ്പിക്കുവാന്‍ ഉള്ള സര്‍ക്കാര്‍ നീക്കം മദ്യപാനികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും സംസ്ഥാനത്തെ മദ്യപാനികള്‍ അസംഘടിതരായതിനാല്‍ വില വര്‍ദ്ധനവിനെതിരെ ഹര്‍ത്താലോ ബന്ദോ ഉണ്ടാകാന്‍ ഇടയില്ല. മദ്യത്തിനു വില വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനത്തെ തൊഴിലാളികളുടെ കൂലിയിലും വര്‍ദ്ധനവ് വരുവാന്‍ ഇടയുണ്ട്. നിര്‍മ്മാണ മേഖലയെ ആയിരിക്കും ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. സ്ഥിരം മദ്യപാനികളുടെ കുടുംബ ബജറ്റിനേയും വിലവര്‍ദ്ധനവ് കാര്യമായി ബാധിക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, സാമ്പത്തികം