തിരുവനന്തപുരം: സര്‍ക്കാരിനും യു. ഡി. എഫിനും എതിരെ വി. എം. സുധീരന്‍ തുടര്‍ച്ചയായി നടത്തുന്ന വിമര്‍ശനം കോണ്‍ഗ്രസ്സില്‍ പുതിയ ചേരി തിരിവിനു വഴി വെയ്ക്കുന്നു. യു. ഡി. എഫിലെ മന്ത്രിമാരില്‍ ചിലര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും, അവരോടുള്ള ആദരവ് കുറഞ്ഞതു കൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും പറഞ്ഞ സുധീരന്‍ കേരളത്തില്‍ എന്താണ് നടക്കുന്നതെന്നു പോലും അറിയാത്ത മന്ത്രിമാര്‍ ഉണ്ടെന്നും പലരും പേഴ്സണല്‍ സ്റ്റാഫിന്റെ പിടിയിലാണെന്നും തുറന്നടിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും, മന്ത്രിമാര്‍ എല്ലാം മിടുക്കന്മാരാണെന്നും പറഞ്ഞ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉടനെ തന്നെ സുധീരനു മറുപടിയുമായി രംഗത്തെത്തിയിരുന്നു. യു. ഡി. എഫ്. സർക്കാരിൽ മന്ത്രി കസേര ലഭിക്കാത്ത മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും ഒപ്പം കോണ്‍ഗ്രസ്സിനുള്ളിലെ അസംതൃപ്തരായ ചിലരും സുധീരന്റെ വാക്കുകളെ രഹസ്യമായെങ്കിലും അനുകൂലിക്കുന്നുണ്ട്. തോട്ട നിയമ ഭേദഗതിയും നിലം നികത്തല്‍ വിഷയവുമെല്ലാം സുധീരന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരെ തന്റെ നിലപാട് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.
സുധീരന്റെ അഭിപ്രായ പ്രകടനം അനവസരത്തിലായി എന്നാണ് മറു വിഭാഗത്തിന്റെ വാദം. പി. സി. വിഷ്ണുനാഥ് ഉള്‍പ്പെടെ ഉള്ള യുവ നേതാക്കന്മാര്‍ സുധീരനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ പുനഃസ്സംഘടന വരാനിരിക്കെ അസ്വസ്ഥരും അസംതൃപ്തരുമായ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ പുതിയ ചേരി രൂപീകരിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഗ്രൂപ്പു നോക്കിയും അടുപ്പക്കാരെ നോക്കിയും മാത്രം പദവികള്‍ വീതം വെയ്ക്കുന്ന പതിവിനു നേരിയ മാറ്റമെങ്കിലും ഉണ്ടാകണമെന്ന ആവശ്യം സുധീരന്‍ ഉന്നയിച്ചിരുന്നു. ജനങ്ങള്‍ അറിയുന്നവരും നേതൃഗുണമുള്ളവരും ആയിരിക്കണം സ്ഥാനങ്ങളില്‍ എത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിനിടയില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, തുടര്‍ന്നുണ്ടായ തോല്‍വിയും സുധീരന്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
യു. ഡി. എഫ്. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സിലും ഘടക കക്ഷികള്‍ക്കിടയിലും ചില സമുദായങ്ങള്‍ക്കിടയിലും അഭിപ്രായം ശക്തമായി ക്കൊണ്ടിര്‍ക്കുകയാണ്. ഭരണത്തിലെ ന്യൂനപക്ഷ സമഗ്രാധിപത്യത്തിനെ ചോദ്യം ചെയ്തു കൊണ്ട് അടുത്തയിടെ എൻ. എസ്. എസ്സും, എസ്. എൻ. ഡി. പി. യും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഹിന്ദു വര്‍ഗ്ഗീയത ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ. പി. സി. സി. പ്രസിഡണ്ടിനും ആയിരിക്കും എന്ന് എൻ. എസ്. എസ്. പ്രസിഡണ്ട് പറഞ്ഞിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍