തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ തലസ്ഥാനത്ത് സി.പി.എമ്മില്‍ വിഭാഗീയത മൂര്‍ച്ഛിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജി ഭീഷണി മുഴക്കി പ്രസ്താവനകളുമായി പരസ്യമായി രംഗത്ത് വന്നു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള വെഞ്ഞാറമൂട്ടില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഒമ്പത് എല്‍.സി അംഗങ്ങളും പത്ത് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ 185 അംഗങ്ങള്‍ രാജി പരസ്യമായി പ്രഖ്യാപിച്ചു. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എ.എം. റൈസിന്റെ നേതൃത്വത്തില്‍ 50 ഓളം പേരാണ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. വി.എസ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള ലോക്കല്‍ കമ്മിറ്റി വിഭജിച്ചതിലൂടെ തലസ്ഥാനത്ത് വി. എസിന്റെ സ്വാധീനം കുറയ്ക്കാന്‍ ഔദ്യോഗിക പക്ഷം മുന്നോട്ട് വന്നതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. വി. എസ് അനുകൂലികള്‍ക്കെതിരെ എടുത്ത നടപടികളില്‍ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അനിത, ലോക്കല്‍ കമ്മിറ്റിയംഗവും അഡീഷനല്‍ ഗവ. പ്ലീഡറുമായ എസ്. വിജയകുമാര്‍, എല്‍.സി അംഗങ്ങളായ കെ. സോമന്‍, എന്‍. രാജേന്ദ്ര കുമാര്‍ , പി.എസ്. ഷിബു, ആര്‍. എസ്. ജയന്‍, എസ്.ആര്‍. വിനു, ജി. രാജേന്ദ്ര കുമാര്‍, ബി. വല്‍സല തുടങ്ങി പാര്‍ട്ടി വിടുന്ന 185 പേരുടെ പട്ടികയും ഹാജരാക്കി. ഇടതുപക്ഷ ആശയം ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രരായി നില്‍ക്കാനാണ് തീരുമാനമെന്ന് റൈസ് വ്യക്തമാക്കി. ഭാവിതീരുമാനങ്ങള്‍ ആഗസ്റ്റ് 21ഓടെ തീരുമാനിക്കും. പിണറായി പക്ഷത്തെ ശക്തനായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ വിജയിച്ചിരുന്നില്ല. 250ല്‍ കൂടുതല്‍ അംഗങ്ങളും 16ലധികം ബ്രാഞ്ചുകളുമുണ്ടെങ്കില്‍ ഒരു ലോക്കല്‍ കമ്മിറ്റിയെ വിഭജിക്കാമെന്ന സംസ്ഥാനസമിതി നിര്‍ദേശം മുതലെടുക്കാനുള്ള ഔദ്യോഗികപക്ഷ നീക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയെ വെഞ്ഞാറമൂട്, നെല്ലനാട് എല്‍. സികളായി വിഭജിക്കാനായിരുന്നു നീക്കം. നിലവിലെ ലോക്കല്‍ കമ്മിറ്റി ഇതിനെ എതിര്‍ത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം