ഗുരുവായൂര്‍ : ഉത്രാട നാളില്‍ ഗുരുവായൂര്‍ കണ്ണനു മുമ്പില്‍ കാഴ്ചക്കുല സമര്‍പ്പിക്കുവാന്‍ വന്‍ ഭക്ത ജന തിരക്ക് അനുഭവപ്പെട്ടു. രാവിലെ മേല്‍ശാന്തി ആദ്യ കാഴ്ചക്കുല കണ്ണനും മുമ്പില്‍ സമര്‍പ്പിച്ചു, കാത്തു നിന്ന നൂറു കണക്കിനു ഭക്തരും കുലകള്‍ സമര്‍പ്പിച്ചു. ഇത്തവണയും ധാരാളം കാഴ്ചക്കുലകള്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കപ്പെട്ടു. ഈ കുലകളില്‍ ഒരു ഭാഗം നാളത്തെ പഴ പ്രഥമന്‍ ഉണ്ടാക്കുവാനായി എടുക്കും. കൂടാതെ ആനക്കോട്ടയിലെ ആനകള്‍ക്കും നല്‍കും. ബാക്കി ലേലത്തില്‍ വില്‍ക്കും.
മോഹ വിലയാണ് കാഴ്ചക്കുലയ്ക്ക്. കാഴ്ചക്കുലയ്ക്കായി പ്രത്യേകം വാഴ കൃഷി ചെയ്യുന്നവരുണ്ട്. കന്നു തിരഞ്ഞെടുക്കുന്നതു മുതല്‍ ഇതിനു പ്രത്യേകം പ്രരിചരണങ്ങള്‍ ഉണ്ട്. കൃത്രിമ വളം തീരെ ഇടില്ല. കുല ഇളം മൂപ്പാകുമ്പോള്‍ അതിന്റെ പടലകള്‍ക്ക് ഇടയില്‍ വാഴയില തിരുകി ഓരോ പഴവും തമ്മിലും പടലയും തമ്മിലും ഒരേ അകലം വരുത്തുന്നു. കൂടാതെ വാഴക്കുലയെ വെയിലില്‍ നിന്നും രക്ഷിക്കുവാനായി വാഴയില കൊണ്ട് പൊതിയും. മൂത്തു പഴുക്കുമ്പോള്‍ നല്ല സ്വര്‍ണ്ണ വര്‍ണ്ണം ആയിരിക്കും കാഴ്കക്കുലയിലെ പഴത്തിന്.
- എസ്. കുമാര്‍