കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ ശാന്തിപുരം കല്ലട റസിഡന്‍സിയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ രഘുനാഥിന്റെ വെടിയേറ്റാണ് വ്യവസായിയും റൂബി ബസ്സ് സര്‍വ്വീസിന്റെ ഉടമയുമായ ബാബു മരിച്ചത്. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.
ഗല്ഫിലും നാട്ടിലുമുള്ള സ്വത്തുക്കളെ സംബന്ധിച്ചുള്ള തര്‍ക്കം പറഞ്ഞുതീര്‍ക്കുവാനായിട്ടാണ് ഏറിയാട് പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി.രമേശനും മൂത്ത സഹോദരന്‍ കാര്‍ത്തികേയനും ഒപ്പം ബാബു ഉച്ചതിരിഞ്ഞ് കല്ലട ബാറില്‍ എത്തിയത്.
ചര്‍ച്ചക്കായി അവിടെ എത്തിയ രഘുനാഥ് അവിടെ മറ്റൊരു മുറിയില്‍ തങ്ങുന്നുണ്ടായിരുന്നു. രഘുനാഥിന്റെ മുറിയില്‍ എത്തിയ ബാബുവിന്റെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു. ബാബുവിനെ വെടിവെച്ച പ്രതി ജ്യേഷ്ഠന്‍ കാര്‍ത്തികേയനു നേരെ നിറയൊഴിക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. ബാബുവിന് വെടിയേറ്റതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാര്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചന്തപ്പുരയ്ക്ക് സമീപത്തു നിന്നും പോലീസ് അറസ്റ്റു ചെയ്തു. ബാബുവിന്റെ മൃതദേഹം മോഡേണ്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രീതിയാണ് കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ, രേഷ്മ, അജയ് ബാബു എന്നിവര്‍ മക്കളാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം