കോട്ടയം: അടച്ചു പൂട്ടിയ ബീവറേജ് മദ്യശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മണിമലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഒരു സംഘം മദ്യപരും, സമീപത്തെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരും വ്യാപാരികളും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തിയത്. മദ്യ വിരുദ്ധ സമിതിക്കാരുടെ സമരത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് അടച്ചു പൂട്ടുവാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മദ്യശാല അടച്ചു പൂട്ടി. ഇതു മൂലം പ്രദേശത്തെ മദ്യപന്മാര്‍ക്ക് മദ്യപിക്കുന്നതിനായി അഞ്ചു കിലോമീറ്റര്‍ ദൂരെ പോകേണ്ട അവസ്ഥയായി. തന്മൂലം മദ്യപിക്കുവാന്‍ അധികം തുക ചിലവിടേണ്ട അവസ്ഥ ഉണ്ടായെന്നും ഒപ്പം പ്രദേശത്ത് വ്യാജ മദ്യ ലോബിയുടെ പ്രവര്‍ത്തനം സജീവമായെന്നും ഇവര്‍ ആരോപിക്കുന്നു. കൂടാതെ സമീപത്തെ കടകളില്‍ കച്ചവടം കുറയുകയും ഒപ്പം ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഓട്ടം കുറയുകയും ചെയ്തു. ഇതാണ് ഇവരെ സമരത്തിലേക്ക് നയിച്ചത്.
അടച്ച മദ്യശാല തുറക്കണമെന്ന് ഒരു വിഭാഗവും തുറക്കരുതെന്ന് മറു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ ഒരു തീരുമാനം എടുക്കുവാന്‍ ആകാതെ അധികൃതര്‍ കുഴങ്ങുകയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, സാമൂഹ്യക്ഷേമം