കണ്ണൂര്‍: സംഗീത സംവിധായകന്‍ പത്മശ്രീ കെ.രാഘവന്‍ മാസ്റ്റര്‍ക്ക് (99) കേരളം വിട നല്‍കി. തലശ്ശേരി ജില്ലാ കോടതി പരിസരത്തുള്ള സെന്റിനറി പാര്‍ക്കിനു സമീപത്തായിരുന്നു ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൌതിക ശരീരം സംസ്കരിച്ചത്. ബി.എം.പി സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഘവന്‍ മാസ്റ്റര്‍ ശനിയാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്തരിച്ചത്.
1954-ല്‍ നീലക്കുയില്‍ എന്ന ചിത്രത്തില്‍ രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനങ്ങള്‍ വന്‍ തരംഗമായി. അറുപതിലധികം ചിത്രങ്ങള്‍ക്കായി നാനൂറോളം ഗാനങ്ങള്‍ക്കും, നിരവധി നാടക ഗാനങ്ങള്‍ക്കും ഈണമിട്ടിട്ടുണ്ട്. ഏതാനും സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം ലളിതഗാനങ്ങള്‍ക്കും ഈണം ഒരുക്കിയിട്ടുണ്ട്. 2010-ല്‍ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ജെ.സി.ഡാനിയേല്‍ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
രാഷ്ടീയ സാംസ്കാരിക രംഗത്തെ പലരും രാഘവന്‍ മാസ്റ്റര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയെങ്കിലും സിനിമാ-സംഗീത രംഗത്തു നിന്നും പ്രശസ്തര്‍ ആരും അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്.
- എസ്. കുമാര്‍