ചരല്‍ക്കുന്ന്: കെ. എസ്. യു. സംസ്ഥാന ക്യാമ്പിലെത്തിയ കെ. സുധാകരന്‍ എം. പി. യെ കണ്ടപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ആവേശം അണ പൊട്ടി. വളപട്ടണം സംഭവത്തില്‍ കെ. എസ്. യു. വിന്റെ രക്ഷകനായ സുധാകരന്‍ എന്നെല്ലാമുള്ള മുദ്രാവാക്യം വിളികളുമായി അവര്‍ അദ്ദേഹത്തെ വരവേറ്റപ്പോള്‍ ഒരു വിഭാഗത്തെ അത് അലോസരപ്പെടുത്തി.
കെ. സുധാകരന്‍ പ്രസംഗിക്കുവാന്‍ ആരംഭിച്ചപ്പോഴും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളി തുടര്‍ന്നു. കെ. എസ്. യു. സംസ്ഥാന പ്രസിഡണ്ട് വി. എസ്. ജോയിയും ടി. സിദ്ദിഖും ചേര്‍ന്ന് പ്രവര്‍ത്തകരോട് മുദ്രാവാക്യം വിളി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയ്യാറായില്ല. ഒടുവില്‍ കെ. സുധാകരന്‍ തന്നെ രംഗത്തെത്തി. മുദ്രാവാക്യം വിളി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ താന്‍ പ്രസംഗിക്കാതെ വേദി വിടുമെന്നും മുന്നറിയിപ്പു നല്‍കി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നേരെ കടുത്ത ഭാഷയില്‍ കയര്‍ത്തു സംസാരിച്ചു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കു തര്‍ക്കമായി. നേതാക്കള്‍ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ശ്രമിച്ചപ്പോഴേക്കും ഇരു വിഭാഗവും തമ്മില്‍ കൂട്ടത്തല്ല് ആരംഭിച്ചിരുന്നു. കെ. എസ്. യു. ജില്ലാ നേതാക്കന്മാര്‍ക്ക് വരെ അടി കിട്ടി. പരസ്പരം കസേരകള്‍ എടുത്ത് എറിഞ്ഞു. ഒടുവില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ഇടപെട്ട് ഇരു വിഭാഗത്തേയും ശാന്തരാക്കുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍