കോഴിക്കോട്: മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരത്ത് നടന്ന ബ്രഹ്മോസ് പ്രസംഗത്തില്‍ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളോടുള്ള എതിര്‍പ്പാണ് ‘ഇടതു സര്‍ക്കാരിനു മാല ചാര്‍ത്തും മുമ്പ്‘ എന്ന ലേഖനത്തില്‍ നിറയെ. യൂത്ത് ലീഗ് നേതാവും ചന്ദ്രികയുടെ പത്രാധിപ സമിതി അംഗവുമായ നജീബ് കാന്തപുരമാണ് ലേഖനം എഴുതിയിരിക്കുന്നത്. ആന്റണിയുടെ പരാമര്‍ശം വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിനെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ലേഖനത്തില്‍ ഉടനീളം ഉണ്ട്.
കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുവാന്‍ മാത്രമേ ആന്റണിയുടെ പ്രസംഗത്തിനു കഴിയുകയുള്ളൂ എന്നും പ്രസംഗത്തില്‍ ദുരൂഹതയുണ്ടെന്നും പ്രസംഗം സദുദ്ദേശപരമല്ലെന്നും ലേഖകന്‍ പറയുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് ആന്റണി നടത്തിയ പ്രസംഗങ്ങള്‍ കൈയ്യടി നേടുവാന്‍ മാത്രമായിരുന്നോ എന്നും ലേഖകന്‍ ചോദിക്കുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ മുഖ്യമന്ത്രി കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ ചിറക് നല്‍കുവാന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഒരു കോണ്‍ഗ്രസ്സ് നേതാവ് ഇപ്രകാരം പ്രതികരിക്കുന്നത് ദുരൂഹമാണെന്ന് ലേഖനം പറയുന്നു. ആന്റണിക്കെതിരെ ഉള്ള വിമര്‍ശനത്തിനു മൂര്‍ച്ച കൂട്ടുവാനായി അദ്ദേഹം മുമ്പ് നടത്തിയ ചില ന്യൂനപക്ഷ വിമര്‍ശനങ്ങളും ലേഖനത്തില്‍ പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്. നേരത്തെ ആന്റണിയുടെ പ്രസ്ഥാവനയ്ക്കെതിരെ ധനകാര്യ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ കെ. എം. മാണിയും രംഗത്തെത്തിയിരുന്നു.
എല്‍. ഡി. എഫ്. ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദനേയും വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനേയും പ്രശംസിച്ചു കൊണ്ട് എ. കെ. ആന്റണി സംസാരിച്ചിരുന്നു. പദ്ധതികള്‍ കൊണ്ടു വരുന്നതിനായി അവര്‍ നല്‍കിയ പിന്തുണയെ പറ്റി പ്രത്യേകം എടുത്തു പറഞ്ഞ ആന്റണി യു. ഡി. എഫ്. ഭരിക്കുന്ന കേരളത്തിലേക്ക് പ്രതിരോധ വകുപ്പിന്റെ പുതിയ പദ്ധതികള്‍ കോണ്ടു വരുവാന്‍ ധൈര്യമില്ലെന്നും തുറന്നടിച്ചു. മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയെയും ഇരുത്തിക്കൊണ്ട് നടത്തിയ പ്രസംഗം യു. ഡി. എഫില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം