കോഴിക്കോട്: കള്ള മണല്‍ കടത്ത് പരിശോധനയ്ക്കിടെ ജില്ലാ കളക്ടറുടെ കാറിനു മുകളില്‍ ടിപ്പര്‍ ലോറിയില്‍ നിന്നും മണല്‍ ചൊരിഞ്ഞ സംഭവത്തില്‍ മണല്‍ മാഫിയ അംഗങ്ങളായ രണ്ടു പേര്‍ അറസ്റ്റിലായി. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ കോഴിക്കോട് ചക്കും കടവ് സ്വദേശി എന്‍ . വി. റിയാസ് (21), മണല്‍ ലോറിക്ക് അകമ്പടി പോയ ബൈക്ക് സംഘത്തിലെ പൊക്കുന്ന് പട്ടേല്‍ത്താഴം ഒതയമംഗലത്തു പറമ്പില്‍ ഷെറീന മന്‍സിലില്‍ കെ. പി. റാഷി കപൂര്‍ (26) എന്നിവരെയാണ് സൌത്ത് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ. ആര്‍. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ചിലരെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ജില്ലാ കളക്ടര്‍ കെ. വി. മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അനധികൃത മണല്‍ കടത്ത് പരിശോധിക്കുവാനായി ആരംഭിച്ചത്. മണലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി സംഘത്തിന്റെ മുമ്പില്‍ പെട്ടു. നിര്‍ത്താതെ പോയ ലോറിയെ സംഘം പിന്തുടര്‍ന്നപ്പോള്‍ ഫറോക്ക് ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം റോഡില്‍ വച്ച് പെട്ടെന്ന് ലോറി ബ്രേക്കിട്ട് നിര്‍ത്തുകയും തുടര്‍ന്ന് കളക്ടര്‍ സഞ്ചരിച്ചിരുന്നാ വാഹനത്തിനു മുകളിലേക്ക് മണല്‍ ചൊരിയുകയുമായിരുന്നു. പ്രതികള്‍ പിന്നീട് രക്ഷപ്പെട്ടു. വാഹനത്തില്‍ പിന്തുടര്‍ന്നത് കളക്ടര്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്