കൊച്ചി: അഴിമതിയാരോപണ വിധേയനായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്.കെ.ജിബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് എറണാകുളം നഗരത്തില്‍ യുവാവിന്റെ നഗ്നയോട്ടം. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് തിരക്കേറിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാഡുമായി എം.ജി.റോഡിലൂടെ യുവാവ് ഓട്ടം ആരംഭിച്ചത്. പ്ലക്കാഡിനു താഴെ ലോ കോളേജ് എന്നും എഴുതിയിരുന്നു. ഇയാളുടെ മുഖം തുണി ഉപയോഗിച്ച് മറച്ചിരുന്നു. മഹാരാജാസ് ഗ്രൌണ്ടിനു സമീപത്തുക്കൂടെ നൂറു മീറ്ററോളം ഇയാള്‍ ഓടി. പിന്നീട് സുഹൃത്തിന്റെ ബൈക്കില്‍ കയറി പോയി.
മഹാരാജാസ് കൊളേജ് ഗ്രൌണ്ടിനരികിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റിനു സമീപത്തുള്ള മരത്തിന്റെ മറവില്‍ നിന്ന് വസ്ത്രം ഊരി മാറ്റി. സിഗ്നല്‍ ചുവപ്പ് ആയതോടെ വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പായി. ഉടനെ ഇയാള്‍ ഓട്ടം ആരംഭിച്ചു. എന്നാല്‍ എതിര്‍ ദിശയില്‍ വരുന്ന വാഹന യാത്രക്കാരും കാല്‍നടക്കാരും ഇയാളുടെ നഗ്ന പ്രകടനം കണ്ട് ഞെട്ടി. ഫിനിഷിങ്ങ് പോയ്നറില്‍ ഇയാളുടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവര്‍ നല്‍കിയ വസ്ത്രം ഉടുത്ത് അനുഗമിച്ചിരുന്ന ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. തിരിച്ചറിയാതിരിക്കുവാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നു. പൊതു സ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായതിനാല്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇതോടെ മുപ്പത്തി ആറു വര്‍ഷത്തിനു ശേഷം എറണാകുളം നഗരം മറ്റൊരു പ്രതിഷേധ നഗ്നയോട്ടത്തിനു സാക്ഷിയായത്. അന്ന് ലോകോളേജ് വിദ്യാര്‍ഥികളായിരുന്ന നാലുപേരാണ് ബ്രോഡ്‌വേയിലൂടെ നഗ്നയോട്ടം നടത്തിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, വിവാദം