തിരുവനന്തപുരം: നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ടെന്ന് മുഖ്യമന്ത്രി. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിലപാട്. പത്രങ്ങളില്‍ തിരുവനന്തപുരം വിമാനത്താവള ടെര്‍മിനലിനെക്കുറിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഒരുപേജ് കളര്‍ പരസ്യം അവസാന നിമിഷം വേണ്ടെന്നുവെച്ചു.
വല്ലാര്‍പാടം അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ചടങ്ങിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയായിരുന്നെങ്കിലും കേന്ദ്രം നല്‍കിയ പരസ്യത്തില്‍ അദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി, സോണിയാ ഗാന്ധി,കേന്ദ്ര മന്ത്രിമാരായ ഏ. കെ. ആന്റണി, വയലാര്‍ രവി, ജി. കെ. വാസന്‍, സി. പി. ജോഷി, മുകുള്‍ റോയ്, കെ.വി. തോമസ് എന്നിവരുടെ ചിത്രങ്ങളായിരുന്നു കേന്ദ്രം നല്‍കിയ പരസ്യത്തില്‍ ഉണ്ടായിരുന്നത്. കേന്ദ്രത്തിലെ സഹമന്ത്രിമാരുടെവരെ ചിത്രം ഉള്‍ക്കൊള്ളിച്ചിട്ടും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ പോലും ചിത്രം വയ്ക്കാത്തതിലായിരുന്നു വി. എസ്സിന് അമര്‍ഷം. വല്ലാര്‍പാടത്തിന്റെ ശിലാഫലകത്തിലും മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ പേരുമാത്രമേ ഫലകത്തിലുണ്ടായിരുന്നുള്ളൂ. സംസ്ഥാന മന്ത്രിമാരും എറണാകുളം ജില്ലക്കാരുമായ എസ്. ശര്‍മ,ജോസ് തെറ്റയില്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം ലഭിക്കാഞ്ഞതിനെതിരെ ഇരുവരും ചടങ്ങ് കഴിഞ്ഞപ്പോള്‍ ത്തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.
‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന അടിക്കുറിപ്പോടെ അനന്തമായ ആകാശവും അടിസ്ഥാന സൗകര്യങ്ങള്‍ താഴെ ഒരുക്കിയിരിക്കുന്നതും ചിത്രീകരിക്കുന്ന പരസ്യത്തില്‍ കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും ചിത്രങ്ങളും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറ്റും ചിത്രങ്ങള്‍ക്ക് പുറമെ ചേര്‍ത്തിരുന്നു. ഈ പരസ്യമാണ് മുഖ്യമന്ത്രി തടഞ്ഞത്. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ സംസ്ഥാനത്തോട് കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.
സാധാരണ പ്രധാനമന്ത്രി വരുമ്പോള്‍ ചടങ്ങുകളെപ്പറ്റിയും സര്‍ക്കാര്‍ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടവരെക്കുറിച്ചുംസംസ്ഥാന അധികൃതരുമായി അനൗപചാരികമായി ചര്‍ച്ച നടക്കാറുണ്ട്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. ആദ്യം അംഗീകരിച്ചതുപ്രകാരം എയര്‍ ഇന്ത്യയുടെ ഹാംഗര്‍ യൂണിറ്റ്, രാജീവ്ഗാന്ധി ഏവിയേഷന്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ കെട്ടിട ശിലാസ്ഥാപനം എന്നിവയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതൊഴിവാക്കപ്പെടുകയായിരുന്നു. ടെര്‍മിനലിന്റെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കാന്‍ മന്ത്രിമാരായ എം. വിജയകുമാര്‍, വി. സുരേന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളും അംഗീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അതും ഒഴിവാക്കപ്പെട്ടു. സമ്മതിച്ച രണ്ട് പരിപാടികളില്‍ നിന്ന് പ്രധാനമന്ത്രിയെ പിന്‍മാറ്റിച്ചതിനുപിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പോലീസ്, വിവാദം, സാമൂഹ്യ പ്രവര്‍ത്തനം