
കൊച്ചി : നഴ്സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.
ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.
കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.
ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.
അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ. ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.
അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.
ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: e-health, ആരോഗ്യം, ആശുപത്രികള്‍, എതിര്‍പ്പുകള്‍, തൊഴിലാളി, പ്രതിരോധം, വിവാദം, വൈദ്യശാസ്ത്രം, സമരം, സാമൂഹികം, സാമ്പത്തികം, സ്ത്രീ




























