തിരുവനന്തപുരം : സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായി എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ക്യൂ നിൽക്കാതെ തന്നെ ഓൺ ലൈനിൽ ഒ. പി. ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ-ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ആശുപത്രി കളിലും അധികം വൈകാതെ തന്നെ നടപ്പിലാക്കുക എന്നതാണ് ലക്‌ഷ്യം. ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണ് എന്നും മന്ത്രി പറഞ്ഞു.
ഇ-ഹെൽത്ത് സേവനങ്ങൾ ലഭിക്കാൻ വ്യക്തികൾ തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അതിനായി ഇ-ഹെൽത്ത് പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിൽ ലഭിക്കുന്ന ഒ. ടി. പി. നൽകുമ്പോൾ ഓൺ ലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ആദ്യ തവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തി ഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും.
ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രി കളിലേക്കുള്ള അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും. PRD