ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ പൊട്ടനെന്ന് പറഞ്ഞതില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി മാപ്പു പറയുമെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ്. വി. എസിനോട് മാത്രമല്ല തന്റെ സംസാരത്തിനിടയില്‍ പരാമര്‍ശത്തിനു വിധേയരായ എം. എല്‍. എ മാരായ വി. ഡി. സതീശന്‍, ടി. എന്‍ പ്രതാപന്‍ എന്നിവരോടും നേരിട്ടു കണ്ട് ഖേദം പ്രകടിപ്പിക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ സ്വാഭാവികമായി നടത്തിയ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് തുടര്‍ച്ചയായി മോശം വാക്കുകള്‍ ഉപയോഗിച്ച് വി. എസിനെ വ്യക്തിപരമായി അധിക്ഷേപിക്കും വിധം പ്രസ്ഥാവന നടത്തുന്നതിനെതിരെ യു. ഡി. എഫിനകത്തും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നേരത്തെ വി. ഡി. സതീശനും, ടി. എന്‍ പ്രതാപനും ജോര്‍ജ്ജിന്റെ പ്രസ്താവനകളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും എം. എല്‍. എ മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരു കടക്കുന്നതായി പറഞ്ഞ് ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നു. നേരത്തെ വി. എസിനെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നാട്ടുകാര്‍ ജോര്‍ജ്ജിന്റെ വാഹനത്തിനു നേരെ ചീമുട്ടയെറിയുകയുണ്ടായി. വി.എസിനെതിരെ നേരത്തെ വനം വകുപ്പ് മന്ത്രി ഗണേശ് കുമാര്‍ പത്തനാപുരത്തെ ഒരു പൊതുയോഗത്തില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനു ഖേദം പ്രകടിപ്പിച്ചിരുന്നു. ആ സംഭവത്തില്‍ മുഖ്യമന്ത്രി നിയമ സഭയില്‍ ഖേദം പ്രകടിപ്പിക്കേണ്ടതായും വന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
മാപ്പു പറയുന്നതും സന്തോഷ് പണ്ഡിറ്റിനെപോലെ ചാനലില്‍ പ്രശസ്തി.