തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ മുഖ്യ മന്ത്രിയാക്കിയത് ലീഗാണെന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടി കെ. പി. എ മജീദിന്റെ പ്രസ്താവനയ്ക്കെതിരെ കെ. മുരളീധരനും എം. എം ഹസ്സനും രംഗത്തെത്തി. യു. ഡി. എഫില്‍ നിന്നും വിട്ടു പോകുമെന്ന മുസ്ലിം ലീഗിന്റെ ഭീഷണി വിലപ്പോവില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഒരിക്കല്‍ യു. ഡി. എഫ് വിട്ടു പോയ ലീഗ് അധികം താമസിയാതെ അവിടെ നിന്നും പുറത്താക്കപ്പെട്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. അഞ്ചാം മന്ത്രി ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടാണ് ലീഗിന് മറ്റു പല സ്ഥാനങ്ങളും ലഭിച്ചതെന്നും മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യപ്രസ്ഥാവന നടത്തരുതെന്ന് കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തല കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയതിനു പുറകെയാണ് മുന്‍ കെ. പി. സി. സി പ്രസിഡണ്ട് കൂടെയായ മുരളീധരന്‍ മുസ്ലിം ലീഗിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. കെ. പി. സി. സി പ്രസിഡണ്ട് നിര്‍ദ്ദേശിച്ച പ്രകാരം കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യ പ്രസ്ഥാവനകള്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ ലീഗ് കോണ്‍ഗ്രസ്സിനെതിരെ പ്രസ്താവന നടത്തുന്നത് തുടര്‍ന്നാല്‍ അങ്ങോട്ടും പറയേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു.
ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്സിന് യു. ഡി. എഫിനെ നയിക്കുവാന്‍ ബുദ്ധിമുട്ടാണെന്നും മുന്നണിയില്‍ ഏറ്റവും അധികം വിട്ടു വീഴ്ച ചെയ്തത് കോണ്‍ഗ്രസ്സാണെന്നും ഹസ്സന്‍ പറഞ്ഞു. മജീദിന്റെ പ്രസ്ഥാവന അതിരു കടന്നുവെന്നും ലീഗിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു പരസ്യപ്രസ്ഥാവന നടത്തുവാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്ഥാവനകള്‍ നിര്‍ത്തുവാന്‍ ലീഗ് നേതൃത്വം ഇടപെടണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം