തൃശൂര്‍: പെരുവനം  കുട്ടന്മാരാരും സംഘവും ഇലഞ്ഞിച്ചോട്ടില്‍ നിരന്നാല്‍ പിന്നെ  പെയ്തിറങ്ങുന്നത് മേളത്തിന്റെ പെരുമഴ തന്നെയാണ്. അസുര വാദ്യത്തിന്റെ വന്യമായ  ശബ്ദ സൌന്ദര്യം ആസ്വദിക്കുവാന്‍ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തുക.  രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഇലഞ്ഞിത്തറ മേളം. മെല്ലെതുടങ്ങി  ഒന്നൊന്നായി കാലങ്ങള്‍ കടന്ന് കുഴമറിയും മുട്ടിന്മേല്‍ ചെണ്ടയും കഴിഞ്ഞ്  മേളം കൊട്ടിക്കയറുമ്പോള്‍ കൂടിനില്‍ക്കുന്നവര്‍  ആസ്വാദനത്തിന്റെ  കൊടുമുടിതാണ്ടിയിരിക്കും. പെരുവനം ഇത് മുപ്പത്തിനാലാമത്തെ വര്‍ഷമാണ്  തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. 1977-ല്‍ ആയിരുന്നു മേളക്കാരനെന്ന  നിലയില്‍ തൃശ്ശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്.  പ്രഗല്‍ഭര്‍ക്കൊപ്പമുള്ള അനുവങ്ങള്‍ നല്‍കിയ കരുത്തും കൈവഴക്കവുമായി   1999-ല്‍ ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായി. അന്നുമുതല്‍ ലോകത്തിനു മുമ്പില്‍  പൂരപ്പെരുമയിലെ പൊന്‍തൂവലായ ഇലഞ്ഞിത്തറമേളത്തിന്റെ പേരും പ്രശസ്തിയും  അണുവിടെ കുറയാതെ നിലനിര്‍ത്തിപ്പോരുന്നു.
മേളപ്രമാണിയെന്ന നിലയില്‍ പെരുവനത്തിന്റെ കഴിവുകളില്‍  എടുത്തു പറയേണ്ട ഒന്നാണ് ഒരു വര്‍ഷം മുമ്പ് പൂരത്തിനിടയില്‍ ഉണ്ടായ സംഭവം.  മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം  സമര്‍പ്പിച്ച് കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള  വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ് എഴുന്നള്ളിച്ചു  നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണത്.    പെട്ടെന്ന് മേളം നിലച്ചു.തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം  കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം  ഒഴിച്ച് തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക്  മാറ്റി.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ  അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍  ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള  വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക് തിരിച്ചു കൊണ്ടു വന്നു. പെരുവനം  കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു  പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത് എന്താണെന്ന് പോലും ഓര്‍ക്കാതെ  വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു.  നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍  ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം  കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ ആര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.
പാരമ്പര്യമായി മേളകലയില്‍ പ്രശസ്തരായിരുന്നു  കുട്ടന്മാരാരുടെ കുടുമ്പം. അച്ചന്‍ പെരുവനം അപ്പുമാരാര്‍ മേളകലയില്‍  പേരെടുത്ത ആളായിരുന്നു. അച്ചനൊപ്പം മകനും മേളത്തിലെ ലോകത്ത് താളമിട്ടു  കടന്നുവന്നു. ചെണ്ടയിലായിരുന്നു ചെറുപ്പം മുതല്‍ കമ്പം. അച്ചനൊപ്പം നിരവധി  ഉത്സവപ്പറമ്പുകളില്‍ ആസ്വാദകര്‍ക്ക് മുമ്പില്‍ മേളവിസ്മയം തീര്‍ത്തു.  എന്നാല്‍ പൂരങ്ങളുടെ പൂരത്തില്‍ ആദ്യമായി പങ്കെടുത്തപ്പോള്‍ പക്ഷെ ഇരുവരും  ഒരുമിച്ചല്ലായിരുന്നു. തിരുവമ്പാടിക്ക് വേണ്ടി അച്ചനും പറമേക്കാവിനു വേണ്ടി   മകനും ഇരുചേരിയില്‍ നിന്ന് മേളത്തിനു കൊഴുപ്പേകി. തുടര്‍ന്ന്  മുപ്പതിലധികം വര്‍ഷത്തെ പൂരങ്ങളില്‍ പങ്കാളിയായി. അച്ചനേക്കാള്‍  പ്രശസ്തനായി. അംഗീകാരങ്ങള്‍ കടല്‍ കടന്നും  കുട്ടന്മാരാരെ തേടി പെരുവനം  ഗ്രാമത്തിലേക്കെത്തി എന്നാലും എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹവും  ഈശ്വരകൃപയെന്നുംപറഞ്ഞ് ഈ മേളപ്രമാണി വിനയാന്വിതനാകും.
                
				- എസ്. കുമാര്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: ഉത്സവം, തൃശ്ശൂര്‍ പൂരം