കൂറ്റനാട്: പ്രസിദ്ധ അഷ്ടവൈദ്യന്‍ മേഴത്തൂര്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യതില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വന്തം വീട്ടു വളപ്പില്‍ ആയിരുന്നു സംസ്കാരം. ആരോഗ്യ മന്ത്രി ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറിയ നാരായണന്‍ നമ്പൂതിരി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആണ് അന്തരിച്ചത്.
1930 ഏപ്രിലില്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച ചെറിയ നാരായണന്‍ നമ്പൂതിരി ചെറുപ്പം മുതലേ ആയുര്‍വ്വേദവും സംസ്കൃതവും അഭ്യസിച്ചു. മുത്തച്‌ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ ആയിരുന്നു ആയുര്‍വ്വേദത്തില്‍ ഉപരിപഠനം നടത്തിയത്. മികച്ച ആയുര്‍വ്വേദ ഭിഷഗ്വരന്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരന്‍ എന്ന നിലയിലും ചെറിയ നാരായണന്‍ നമ്പൂതിരി പ്രസിദ്ധനാണ്. ദീര്‍ഘായുസ്സും ആയുര്‍വ്വേദവും എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി വിവര്‍ത്തനങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. ആന ചികിത്സയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാലകാപ്യത്തിന്റെ വിവര്‍ത്തനം ഹസ്ത്യായുര്‍വ്വേദം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആയുര്‍വ്വേദാചാര്യ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ശാന്ത അന്തര്‍ജ്ജനമാണ് ഭാര്യ. വി.എം. നാരായണന്‍ നമ്പൂതിരി, വി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, ഡോ.വി.എന്‍ പ്രസന്ന, വി.എം.ലത, ഡോ.വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മക്കളാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ചരമം, ബഹുമതി, വൈദ്യശാസ്ത്രം