കണ്ണൂര്‍: സി. എം. പി. കേരള രാഷ്ടീയത്തിലെ അതികായന്‍ എം. വി. രാഘവന്‍ അരങ്ങൊഴിഞ്ഞു. അദ്ദേഹം യാഥാർത്ഥ്യമാക്കിയ പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്നു രാവിലെ 9.10 നു ആയിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു വൈകീട്ട് നാലു മണി വരെ പരിയാരം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് പറശ്ശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലും പൊതു ദര്‍ശനത്തിനു വെക്കും. പിന്നീട് ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ സി. എം. പി. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിലും ടൌണ്‍ സ്ക്വയറിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.
1933 മെയ് 5നു കണ്ണൂരില്‍ മേലത്ത് വീട്ടില്‍ ശങ്കരന്‍ നമ്പ്യാരുടേയും തമ്പായിയുടേയും മകനായിട്ടാണ് എം. വി. രാഘവന്‍ എന്ന എം. വി. ആറിന്റെ ജനനം. പി. കൃഷ്ണ പിള്ളയുടേയും, എ. കെ. ജി. യുടേയും സ്വാധീനം മൂലം പതിനാറാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തന്റേടവും പ്രവര്‍ത്തന മികവും അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് വളര്‍ത്തി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. എമ്മിനൊപ്പം നിന്നു. ഡി. വൈ. എഫ്. ഐ. യുടെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. മലബാറില്‍ യുവാക്കളേയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. തനിക്കൊപ്പം പുതിയ ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ എം. വി. ആര്‍. പ്രത്യേകം ശ്രദ്ധിച്ചു. പലരും നക്സലിസത്തിലേക്ക് വഴി മാറിയപ്പോള്‍ അവരെ തിരിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടു വരുവാന്‍ പാര്‍ട്ടി നിയോഗിച്ചത് എം. വി. ആറിനെ ആയിരുന്നു. ഇന്ന് സി. പി. എമ്മിന്റെ നേതൃനിരയില്‍ ഉള്ള പലരും രാഘവന്‍ കൈപിടിച്ചുയര്‍ത്തിയവരാണ്.
1964-ല്‍ ചൈനീസ് ചാരന്മാര്‍ എന്ന് ആരോപിച്ച് ജയിലില്‍ അടച്ചവരുടെ കൂട്ടത്തില്‍ എം. വി. രാഘവനും ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. നിരവധി തവണ ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 1967-ല്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1970-ല്‍ മാടായി മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമ സഭയില്‍ എത്തി. 1980ലും 82 ലും കൂത്തുപറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതോടെ പാര്‍ട്ടിക്ക് അനഭിമതനായി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് നിരന്തരമായ രാഷ്ടീയ വേട്ടയാടലുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അവയെ കരുത്തോടെ നേരിട്ടു.
1986 ജൂലൈ 27 നു കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി. എം. പി.) രൂപീകരിച്ചു. അന്നു മുതല്‍ മരണം വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. സി. പി. എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ പുതിയ ഒരു പാര്‍ട്ടി രൂപീകരിച്ച് വിജയം കൈവരിച്ചത് പിന്നീട് ഗൌരിയമ്മക്കും ടി. പി. ചന്ദ്രശേഖരനും കരുത്തു പകര്‍ന്നു. സി. എം. പി. യും, ഗൌരിയമ്മയുടെ പാര്‍ട്ടിയും പിന്നീട് യു. ഡി. എഫിന്റെ ഘടക കക്ഷിയായി.
1987-ലെ തിരഞ്ഞെടുപ്പ് എം. വി. രാഘവന്റെ രാഷ്ടീയ ജീവിതത്തിലെ അവിസ്മരണീയമായ ഒന്നായിരുന്നു. സി. പി. എമ്മിന്റെ കോട്ടയില്‍ തന്റെ രാഷ്ട്രീയ ശിഷ്യന്‍ ഇ. പി. ജയരാജനുമായിട്ടായിരുന്നു ഏറ്റുമുട്ടിയത്. വിജയം എം. വി. രാഘവനായിരുന്നു. തുടര്‍ന്ന് 1991-ല്‍ കഴക്കൂട്ടത്തു നിന്നും വിജയിച്ച് സഹകരണ മന്ത്രിയുമായി. 1996-ല്‍ ആറന്മുളയില്‍ കവി കടമനിട്ടയോടും 2006-ല്‍ പുനലൂരിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെന്മാറയിലും പരാജയപ്പെട്ടു.
സഹകരണ മന്ത്രിയായിരിക്കെ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പിന്തുണയോടെ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനു തുടക്കമിട്ടു. പാപ്പിനിശ്ശേരിയില്‍ വിഷ ചികിത്സാ കേന്ദ്രവും സ്ഥാപിച്ചു. സി. പി. എമ്മില്‍ നിന്നും ശക്തമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സ കേന്ദ്രം തകര്‍ത്തും വീടിനു തീ വെച്ചും എതിരാളികള്‍ രാഘവനോടുള്ള രാഷ്ടീയ പക തീര്‍ത്തു. സഹകരണ മന്ത്രിയായിരുന്ന രാഘവനെ തെരുവില്‍ തടയുന്നത് പതിവായി. ഇതൊടുവില്‍ 1994 നവമ്പര്‍ 25 നു കൂത്തുപറമ്പില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകരുടെ മരണത്തിനും ഇടയാക്കി.
എം. വി. ആറിന്റെ ജീവിതം കേരളത്തിലെ വിശിഷ്യ മലബാറിലെ സി. പി. എമ്മിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ്. ഒരു ജന്മം എന്ന തന്റെ ആത്മകഥയില്‍ അതിജീവിച്ച പ്രതിസന്ധികളേയും ഒപ്പം കേരള രാഷ്ടീയത്തിലെ നിരവധി വിഷയങ്ങളേയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വേട്ടയാടലുകളെ കരുത്തു കൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച ജ്വലിക്കുന്ന ഓര്‍മ്മയായി എം. വി. ആര്‍. നിലനില്‍ക്കും. ഓര്‍മ്മകള്‍ നഷ്ടമായ അവസാന കാലത്ത് സി. എം. പി. യില്‍ ഉണ്ടായ പിളര്‍പ്പ് ഒരു പക്ഷെ അദ്ദേഹം അറിഞ്ഞിട്ടുണ്ടാകാനിടയില്ല. ഒരു വിഭാഗം യു. ഡി. എഫിനൊപ്പവും മറു വിഭാഗം എല്‍. ഡി. എഫിനൊപ്പവും ചേര്‍ന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ട് മക്കള്‍ ഇരു ചേരിയില്‍ നിലയുറപ്പിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.
സി. വി. ജാനകിയാണ് ഭാര്യ. മക്കള്‍ എം. വി. ഗിരിജ, എം. വി. ഗിരീഷ് കുമാര്‍, എം. വി. രാജേഷ്, എം. വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടി. വി.). മരുമക്കള്‍ റിട്ട. പ്രൊഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി, പ്രിയ, റാണി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, രാഷ്ട്രീയ അക്രമം