തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തന്നെ നിയമിച്ചതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയ സിനിമാ പ്രവര്‍ത്തകരോട് തന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് അറിയാമെന്നും, സമയമാകുമ്പോള്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ. എസ്. എഫ്. ഡി. സി. യിലെ ക്രമക്കേടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചുമതല ഏറ്റെടുത്താല്‍ ഉടനെ ഓഡിറ്റിംഗ് നടത്തുമെന്നും ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി. ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതിനോട് വിയോജിച്ചു കൊണ്ട് ഷാജി കൈലാസ്, സിദ്ദിഖ്, മണിയന്‍ പിള്ള രാജു തുടങ്ങി സിനിമാ രംഗത്തു നിന്നും ഉള്ളവര്‍ രാജി വെക്കുമെന്ന് അറിയിച്ചിരുന്നു. സിനിമാ രംഗത്തെ വിവിധ സംഘടനാ നേതാക്കളും ഈ നിയമനത്തോട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ് മോഹന്‍ ഉണ്ണിത്താനു പിന്തുണയുമായി നടന്‍ സലിം കുമാര്‍ രംഗത്തെത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു നടന്‍ കൂടെ ആണ്. ഉണ്ണിത്താന്റെ നിയമനത്തില്‍ എന്താണ് തെറ്റെന്നും ചോദിച്ച സലിം കുമാര്‍ സിനിമാക്കാരുടെ നിലപാട് സംശയാസ്പദമാണെന്നും അവര്‍ക്ക് പല ഉള്ളുകളികളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. സാബു ചെറിയാന്‍ ചെയര്‍മാന്‍ ആയിട്ട് പ്രയോജനം ഒന്നും ഇല്ലെന്നും സലിം കുമാര്‍ പറഞ്ഞു. സിനിമാ രംഗത്തു നിന്നുമുള്ള നടന്മാരും സംവിധായകരും ഉള്‍പ്പെടുന്നവര്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയമാനായുള്ള നിയമനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനിടയിലാണ് സലിം കുമാറിന്റെ പ്രസ്ഥാവന. സഹപ്രവര്‍ത്തകരെ തള്ളിക്കൊണ്ട് രാഷ്ടീയക്കാര്‍ക്ക് അനുകൂലമായ സലിം കുമാറിന്റെ നിലപാട് അവര്‍ക്കിടയിലെ ഭിന്നിപ്പ് മറ നീക്കി പുറത്ത് കൊണ്ടു വന്നിരിക്കുകയാണ്. അതേ സമയം സലിം കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് “അമ്മ“ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സിനിമ