തൃശ്ശൂര്‍: ഇത്തവണത്തെ എസ്. എസ്. എല്‍. സി. പരീക്ഷയുടെ രണ്ടാം വട്ട ഫല പ്രഖ്യാപനത്തില്‍ നേരത്തെ പ്രഖ്യാപിച്ച 97.99% -ല്‍ നിന്നും 98.57% ആയി ഉയര്‍ന്നതോടെ ആശങ്കയിലാകുന്നത് റ്റ്യൂഷന്‍ മാസ്റ്റര്‍മാരാണ്. എസ്. എസ്. എല്‍. സി. പരീക്ഷ യെഴുതിയവരെ മാത്രമല്ല എഴുതാത്തവരെ പോലും വിജയിപ്പിക്കുന്ന അവസ്ഥ റ്റ്യൂഷന്‍ മേഖലയെ തകര്‍ച്ചയിലേക്ക് തള്ളി വിടുന്നു. ആയിര ക്കണക്കിനു അഭ്യസ്ഥ വിദ്യരാണ് റ്റ്യൂഷന്‍ മേഖലയില്‍ ജോലി നോക്കുന്നത്. എസ്. എസ്. എല്‍. സി. ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് റ്റ്യൂഷന്‍ എടുക്കുവാനായി അഞ്ഞൂറു മുതല്‍ ആയിരത്തി അഞ്ഞൂറു രൂപ വരെ റ്റ്യൂഷന്‍ ഫീസായി ഈടാക്കുന്നവരുണ്ട്. എന്നാല്‍ പഠിച്ചില്ലേലും എസ്. എസ്. എല്‍. സി. പരീക്ഷ പാസാകുമെന്നത് ഉറപ്പായതോടെ പല രക്ഷിതാക്കളും കുട്ടികളെ റ്റ്യൂഷ്യനു വിടാതായി. പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ മാത്രമല്ല ചെറിയ ക്ലാസില്‍ പഠിക്കുന്നവരും റ്റ്യൂഷനെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ ഇവരും റ്റ്യൂഷന്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പഠനത്തെ ഗൌരവപൂര്‍വ്വം കാണുകയും ഉയര്‍ന്ന മാര്‍ക്ക് വാങ്ങണം എന്ന് ആഗ്രഹിക്കുന്നവരും മാത്രമാകും ഇനി റ്റ്യൂഷന്‍ ക്ലാസുകളെ ആശ്രയിക്കുക. ഇതോടെ ഈ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പല പ്രമുഖ റ്റ്യൂഷന്‍ സെന്ററുകളും നിലനില്പിനായി ഇനി എൻട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ തുടങ്ങുവാനുള്ള ആലോചനയിലാണ്.
കോടിക്കണക്കിനു രൂപയുടെ പഠന സഹായികളാണ് കേരളത്തില്‍ ചിലവാകുന്നത്. വൈകാതെ പഠന സഹായികളുടെ വില്പനയേയും ഇത് ദോഷകരമായി ഇത് ബാധിക്കുവാന്‍ ഇടയുണ്ട്.
നേരത്തെ പ്രഖ്യാപിച്ച പത്താം ക്ലാസ് പരീക്ഷാ ഫലത്തില്‍ വലിയ തോതില്‍ തെറ്റുകള്‍ കടന്നു കൂടിയതിനെ തുടര്‍ന്നാണ് രണ്ടാമതും പ്രഖ്യാപിക്കേണ്ടി വന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് വഴി വെക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബിന്റെ തീരുമാനങ്ങള്‍ എന്ന് ഇതിനോടകം പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ തന്നെ വിദ്യാഭ്യാസ മന്ത്രി പരിഹാസവും വിമര്‍ശനവും ഏറ്റുവാങ്ങുന്നുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിദ്യാഭ്യാസം, വിവാദം