തൃശ്ശൂര്‍: ആനയെ പൈതൃക ജീവിയാക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ കേരളത്തിലെ ക്ഷേത്രാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഭീഷണിയാകുമെന്ന് ആനയുടമകളുടെ സംഘടനാ ഭാരവാഹിയും ആനയുടമയുമായ ശ്രീ സുന്ദര്‍ മേനോന്‍ e പത്ര ത്തോട് പറഞ്ഞു. വേണ്ടത്ര ആലോചനയോ അഭിപ്രായ സമന്വയമോ ഇല്ലാതെ ഉള്ള ഈ നടപടി നാട്ടാനകളുടെ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ആനയുടെ ഉടമസ്ഥാവകാശം എടുത്തുകളയുവാനും ക്ഷേത്രത്തില്‍ നടയിരുത്തുന്നത് നിര്‍ത്തുവാനും ഉള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് നിയന്ത്രണം വരുന്നതോടെ ഉടമകള്‍ക്ക് വരുമാനം ഇല്ലാതാകും. കൂടാതെ തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം തുടങ്ങി നിരവധി ചടങ്ങുകളും ആചാരങ്ങളും പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ഉത്സവങ്ങള്‍ നിര്‍ത്തി വെയ്ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. കാട്ടാനകളുടെ സംരക്ഷണാര്‍ഥം എടുത്തിട്ടുള്ള പല തീരുമാനങ്ങളും സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേരളത്തിലെ ആന പരിപാലന രംഗത്തേയും ക്ഷേത്രാചാരങ്ങളെയും പറ്റി വേണ്ടത്ര പരിഗണന നിയമം രൂപീകരിക്കുന്നവര്‍ നല്‍കിയതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് എലിഫെന്റ്സ് ഓണേഴ്സ് ഫെഡറേഷന്‍ സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തങ്ങള്‍ ആനകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് എതിരല്ലെന്നും, എന്നാല്‍ പ്രായോഗിക മല്ലാത്തതും ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാ ക്കുന്നതുമായ നിയമങ്ങള്‍ ഗുണത്തേക്കാള്‍ ദോഷകരം ആകും എന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും, മുഖ്യമന്ത്രിക്കും, എം. പി. മാര്‍ക്കും നിവേദനം നല്‍കുവാന്‍ തീരുമാനമായി. ആനയുടമകള്‍, പാപ്പാന്മാര്‍, പൊതുജനം, പൊതു പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി അടുത്ത ദിവസം വിശാലമായ ഒരു കണ്‍വെന്‍ഷന്‍ വിളിക്കുവാന്‍ യോഗം തീരുമാനിച്ചു.
ഉത്സവങ്ങളെ ഇല്ലാതാക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ക്കെതിരെ കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രക്കമ്മറ്റികള്‍, ഉത്സവക്കമ്മറ്റികള്‍, പൊതുജനം, ക്ഷേത്രവിശ്വാസികള്‍ എന്നിവരെ അണി നിരത്തി ഒക്ടോബര്‍ എട്ടിനുള്ള ഗജദിനം കരിദിനമായി ആചരിക്കുവാനും തീരുമാനിച്ചതായി സുന്ദര്‍ മേനോന്‍ അറിയിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, തൃശ്ശൂര്‍ പൂരം, മതം, വന്യജീവി