തൃശ്ശൂര്‍ പൂരത്തിനെത്തുന്ന മേളക്കമ്പക്കാരെ സംബന്ധിച്ച് പാണ്ടിമേളം എന്നാല്‍ മനസ്സിലേക്ക് ആദ്യമെത്തുക മെലിഞ്ഞു നീണ്ട വിനിയാന്വിതനായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ മുഖമാണ്. പെരുവനത്തിന്റെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറമേളത്തിന്റെ മാറ്റൊലികള്‍ അവസാനിക്കും മുമ്പേ മറ്റൊരു മേളവിസ്മയത്തിനു തിരികൊളുത്തിയിട്ടുണ്ടാകും ഈ അനുഗ്രഹീതകലാകാരന്‍. എട്ടുകൊല്ലം മേളപ്രമാണിയായിരുന്ന മട്ടന്നൂര്‍ എന്ന അതികായന്‍ ഒഴിഞ്ഞപ്പോള്‍ ഇനിയാരെന്ന ചോദ്യത്തിനു മറുപടിയുമായാണ് അനിയന്‍ മാരാര്‍ തിരുവമ്പാടിയുടെ മേളപ്രമാണിയായത്. ചെണ്ടയില്‍ വീഴുന്ന ഓരോ കോലും പുറപ്പെടുവിക്കുന്ന ശബ്ദത്തെ സൂക്ഷമായി വിശകലനം ചെയ്യുന്ന തൃശ്ശൂരിലെ മേളക്കമ്പക്കാര്‍ക്കിടയില്‍ പാണ്ടിയുടെ ശാബ്ദ സൌന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ ഇരുന്നൂറ്റമ്പതോളം കലാകാരന്മാരെ അണി നിരത്തിക്കൊണ്ട് മേളത്തെ നിയന്ത്രിക്കുക എന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്.
വാദ്യകലാ പാരമ്പര്യമുള്ള കുടുംബത്തില്‍ പരിയാരത്ത് കൃഷ്ണന്‍ കുട്ടിമാരാരുടേയും കിഴക്കൂട്ട് കാളിക്കുട്ടി മാരസ്യാരുടേയും മകനായി ജനിച്ച അനിയന്‍ മാരാരെ അമ്മാവന്‍ ഈശ്വരന്‍ മാരാരാണ് മേളവിസ്മയത്തിന്റെ അനന്തമായ ലോകത്തെക്ക് കൈപിടിച്ച് ആനയിച്ചത്. അമ്മാവനെ കൂടാതെ പരിയാരത്ത് കുഞ്ഞന്‍ മാരാരില്‍ നിന്നും പഠിച്ചിട്ടുണ്ട്. പതിനൊന്നാം വയസ്സില്‍ നെറ്റിശ്ശേരി ക്ഷേത്രത്തില്‍ ആയിരുന്നു അരങ്ങേറ്റം. മേളത്തെ ജീവിത തപസ്യയാക്കി മാറ്റിയതിലൂടെ ഗുരുക്കന്മാരില്‍ നിന്നും പകര്‍ന്നു കിട്ടിയതിനപ്പുറം പലകാതം മുന്നേറുവാന്‍ അദ്ദേഹത്തിനായി. ഇരുന്നു പാണ്ടി, കൊട്ടി വാചകം പൂക്കല്‍ തുടങ്ങിയവയില്‍ അനിയന്മാരാര്‍ക്ക് പ്രത്യേക പ്രാഗല്‍ഭ്യമുണ്ട്. കൂടാതെ ചെമ്പട, പഞ്ചാരി, ദ്രുവം, അടന്ത അഞ്ചടന്ത എന്നിവയിലും അനിയന്‍ മാരാര്‍ അതീവ നിപുണനാണ്.
പതിനേഴാം വയസ്സില്‍ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ ആദ്യമായി പങ്കെടുത്തു. ഗുരുവായൂര്‍, തിരുവില്വാമല, ചാത്തക്കുടം, എടക്കുന്നി മണപ്പുള്ളിക്കാവ് തുടങ്ങി പല പ്രസിദ്ധമായ ക്ഷേത്രങ്ങളിലും അനിയന്മാരാര്‍ പതിവുകാരനാണ്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ മേളപ്രമാണിയെ തേടിയെത്തിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ പൂരത്തിനു അമരക്കാരനാകുക എന്നത് ഏതൊരു കലാകാരനേയും അല്പം ഒന്ന് അഹങ്കാരിയാക്കും എന്നാല്‍ എല്ലാം ഈശ്വരാനുഗ്രം എന്നു പറഞ്ഞു കൊണ്ട് പ്രശംസാ വാചകങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും മുമ്പില്‍ ഈ വലിയ കലാകാരന്‍ വിനയാന്വിതനാകും.