തൃശ്ശൂര്‍: പാറമേക്കാവ്, തിരുവമ്പാടി എന്നീ പ്രധാന ക്ഷേത്രങ്ങളിലും ഒപ്പം മറ്റു ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം പൂര്‍ത്തിയായതോടെ നഗരം പൂര ലഹരിയിലേക്ക്. മെയ് ഒന്ന് ചൊവ്വാഴ്ചയാണ് വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം. പാറമേക്കാവ് ദേവീദാസന്റെ പുറത്ത് എഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിര്‍ത്തിക്കൊണ്ട് ഉച്ചക്ക് 12നും 12.15 നും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തില്‍ ദേശക്കാരണവരായ എ. എസ്. കുറുപ്പാളിന്റെ സമ്മതം വാങ്ങിയതിനു ശേഷം ദേശക്കാര്‍ കൊടിയുയര്‍ത്തി. തന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. തുടര്‍ന്ന് മണികണ്ഠനാലിലും ക്ഷേത്രാങ്കണത്തിലെ പാലമരത്തിലും സിംഹമുദ്രയുള്ള കൊടികള്‍ ഉയര്‍ത്തി. മേളകുലപതി പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും ഉണ്ടായി. രാവിലെ 11.30 നും 12 നും ഇടയില്‍ ആയിരുന്നു തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. ഭൂമി പൂജ നടത്തിയ ക്ഷേത്രം ദേശക്കാര്‍ കൊടിയുയര്‍ത്തി. പുലിയന്നൂര്‍ ശങ്കരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേകം പൂജകള്‍ നടന്നു. ഉഷ:ശീവേലിക്ക് കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ മേളം അരങ്ങേറി. തിരുവമ്പാടി ശിവസുന്ദറിന്റെ പുറത്തേറിയായിരുന്നു തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട്. നടുവില്‍ മഠത്തില്‍ ആറാട്ട് കഴിഞ്ഞ് വൈകുന്നേരം ഭഗവതി തിരിച്ചെഴുന്നള്ളി.
ആധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന് തമ്പുരാനാണ് ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത്. ഏതാണ്ട് 220 വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഇതിനെന്ന് കരുതപ്പെടുന്നു.പൂര ദിവസം രാവിലെ കണിമംഗലം ശാസ്താവ് “മഞ്ഞും വെയിലും“ ഏല്ക്കാതെ തെക്കേ ഗോപുര നട കടന്ന് എത്തുന്നതൊടെ ആണ് മുപ്പത്താറു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകുക. തുടര്‍ന്ന് മറ്റു ഘടക ക്ഷേത്രങ്ങളില്‍ നിന്നും പൂരങ്ങള്‍ ക്രമപ്രകാരം വടക്കുംനാഥ സന്നിധിയിലേക്ക് എത്തും. ഇതിനിടയില്‍ തിരുവമ്പാടി ഭഗവതി എഴുന്നള്ളി മഠത്തിലേക്ക് എത്തിയിട്ടുണ്ടാകും. അവിടെ ഇറക്കി പൂജ കഴിഞ്ഞ് വിശ്രമിച്ച് വടക്കുംനാഥനെ വണങ്ങുവാന് പാണികൊട്ടി പുറപ്പെടും. ഇതാണ് പ്രസിദ്ധമായ മഠത്തില്‍ വരവ്.
തിരുവമ്പാടി ശിവസുന്ദര്‍ ആണ് മഠത്തില്‍ വരവിന് തിടമ്പേറ്റുക. ഉച്ചക്ക് പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതി പതിനാലാനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. കിഴക്കേ ഗോപുര നട കടന്ന് ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നതോടെ ഇലഞ്ഞിച്ചോട്ടില്‍ മേളപ്പെരുമഴ തീര്‍ക്കുവാന്‍ പെരുവനം കുട്ടന് മാരാരും സംഘവും തയ്യാറായിട്ടുണ്ടാകും. ഇലഞ്ഞിത്തറ മേളം കഴിഞ്ഞ് തെക്കോട്ടിറങ്ങി മഹാരാജാവിന്റെ പ്രതിമയെ വണങ്ങുന്നു. തിരിച്ചു വരുമ്പോഴേക്കും തിരുവമ്പാടി വിഭാഗം തെക്കോട്ടിറങ്ങി തെക്കേ ഗോപുരത്തിനു കീഴെ അണിനിരന്നിട്ടുണ്ടാകും. ഈ സമയം പതിനാലാനകളുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി സ്വരാജ് റൌണ്ടില്‍ അഭിമുഖമായി നില്ക്കും. തുടര്‍ന്ന് മാനത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. മുറപ്രകാരം രാത്രി പൂരങ്ങള്‍. തുടര്‍ന്ന് വടക്കും നാഥന്റെ ആകാശത്തെ വര്‍ണ്ണ ശബ്ദങ്ങള്കൊണ്ട് മുഖരിതമാക്കുന്ന വെടിക്കെട്ട്. പിറ്റേന്ന് ഉച്ചയോടെ ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതൊടെ പൂരത്തിനു തിരശ്ശെല താഴും.