ശബരിമലയ്ക്ക് അടുത്ത് പുല്‍മേട്ടില്‍ ഉണ്ടായ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ കാരണം ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇത് ആദ്യത്തെ തവണയല്ല തിക്കിലും തിരക്കിലും പെട്ട് ജനങ്ങള്‍ കൊല്ലപ്പെടുന്ന സംഭവം നടക്കുന്നത്. 1999 ജനുവരി 14നു അന്നത്തെ മകര ജ്യോതി ദര്‍ശന സമയത്ത് ഏകദേശം 25 ഓളം അയ്യപ്പ ഭക്തര്‍ ഒരു മലയിടിച്ചിലില്‍ പെട്ട് കൊല്ലപ്പെടുകയുണ്ടായി. പുല്‍മേട് ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം എന്തെന്നും എന്തൊക്കെയാണ് സംഭവിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അനിയന്ത്രിതമായ ജനത്തിരക്കും, വാഹന പാര്‍ക്കിങ്ങും, സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകള്‍, വെളിച്ചമില്ലായ്മ, ഇടുങ്ങിയ വന വീഥി ഇവയൊക്കെയാണ് ഇങ്ങനെ ഒരു വന്‍ ദുരന്തത്തിലേക്ക് വഴി തെളിച്ചത് എന്നത് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം.
ഇരുവശത്തുമുള്ള അനധികൃത കടകള്‍ മൂലം ഏറെ ഇടുങ്ങിയ പാത
ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിന് കാരണമായത് എന്ത് എന്ന് അന്വേഷിച്ച് ഇനിയൊന്ന് ആവര്‍ത്തിക്കാതിരിക്കാനുള്ള സജ്ജീകരണമാണ് അടിയന്തരമായി ചെയ്യേണ്ടത്. എന്നാല്‍ നമ്മുടെ നാട്ടില്‍ തേക്കടിയും, കുമളിയും, പുല്‍മേടുമൊക്കെ ആവര്‍ത്തിക്കപ്പെടുന്നു. അനേകം മനുഷ്യ ജീവനുകള്‍ പൊലിയുന്നത് കാണുമ്പോള്‍ നമുക്ക് മനസ്സില്‍ വേദന തോന്നാറുണ്ട്. എന്നാല്‍ “എത്ര കഷ്ടം”. അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ” എന്നീ സഹതാപ വാക്കുകള്‍ക്ക് അപ്പുറം ഇവ തടയാന്‍ നാം ഒന്നും ചെയ്യാറില്ല. പുതിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പഴയവ മറക്കപ്പെടുന്നു. നഷ്ടം മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് മാത്രം, മുന്‍കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, ഇതൊരു സാമൂഹികമോ മതപരമോ ആയ ഒത്തുകൂടലുകളിലും നാം നേരിടുന്ന വെല്ലുവിളികള്‍ ഇന്ന് വളരെ അധികമാണ്.
വാഹനങ്ങള്‍ തടയാനുള്ള ചങ്ങലയില്‍ തട്ടി വീണ നൂറുകണക്കിനാളുകളുടെ ശരീരം തുളച്ചത് ഈ ചാനലാണ്
എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം ഏതൊരു പ്രതിസന്ധിയുടെയും തീവ്രത കൂട്ടുന്നു. ശബരിമല പോലെ കോടികള്‍ വരുമാനമുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ അപകടം ഉണ്ടായത് എന്ന് പറയുന്നത് ലജ്ജാകരമാണ്.
അപകടത്തിനിരയായവരുടെ സാധന സാമഗ്രികളുടെ ഹൃദയഭേദകമായ കാഴ്ച
അനിയന്ത്രിതമായ ജനക്കൂട്ടം സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് എന്നും ഒരു വെല്ലുവിളിയാണ്. ഒരു പുല്‍മേടായാലും, ബോട്ടായാലും അവിടെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്. ആ പരിധിയില്‍ കവിഞ്ഞ് ജനങ്ങള്‍ തള്ളിക്കയറുന്നത് അവരുടെ സ്വന്തം സുരക്ഷയ്ക്ക് എതിരെയുള്ള ആദ്യത്തെ ചവിട്ടുപടിയാണ്. ആ സ്ഥല പരിമിതിയ്ക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ സൌകര്യങ്ങള്‍, പാര്‍ക്കിംഗ്, താമസം, രക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ ജനത്തിരക്കിനെ ആശ്രയിച്ചിരിക്കും. എന്നാല്‍ ഇവയൊന്നും ആലോചിക്കാതെയാണ് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഓരോ വര്‍ഷവും മല കയറുന്നത്. വര്ഷം തോറും തീര്‍ഥാടകരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു.
ശാസ്ത്രീയമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഭാവിയില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ തടുക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഒരു നിശ്ചിത സമയത്ത് എത്ര പേരെ കടത്തി വിടാം എന്ന വ്യക്തമായ കണക്കെടുപ്പുകള്‍ നടത്തണം. അതില്‍ കവിഞ്ഞ ആള്‍ക്കൂട്ടം ഒരു കാരണ വശാലും ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല. ഇതിനായി പ്രധാന പ്രവേശന കവാടങ്ങളില്‍ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഉള്ളിലേക്ക് കടക്കുന്ന ആളുകളുടെ എണ്ണം കണക്കാക്കാം. എല്ലാ പ്രവേശന കവാടങ്ങളിലെയും വിവരങ്ങള്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഒരു കണ്‍ട്രോള്‍ റൂം സജ്ജമാക്കാം.
ദര്‍ശനം കഴിഞ്ഞ് മടങ്ങി പോകുന്ന ഭക്തര്‍ക്ക് പുറത്തേയ്ക്കുള്ള വഴി വേറെ ആയിരിക്കണം. ശബരിമലയില്‍ വരുന്നതിന് വേണ്ടി വളരെ അധികം തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി ചെയ്താണ് ഭൂരിഭാഗം ഭക്തരും ഇവിടം സന്ദര്‍ശിക്കുന്നത്. അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് ഇവിടെ ഒരു റെജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൂടാ? അങ്ങനെയെങ്കില്‍ അധികൃതര്‍ക്ക് ഒരു ദിവസം അനുഭവപ്പെടാവുന്ന ജനത്തിരക്കിനെ കുറിച്ച് വ്യക്തമായ ഉദ്ദേശം ലഭിക്കും.
കൂട്ട മരണങ്ങള്‍ മാത്രം ശ്രദ്ധ ആകര്ഷിക്കപ്പെടുമ്പോള്‍ ശബരിമല പോലെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന ഒറ്റപെട്ട മരണങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. സൂര്യതാപം ഏറ്റും, ഹൃദയാഘാതം മൂലവും, വിശ്രമം ഇല്ലായ്മ കാരണവും ഒക്കെ അനേകം ജീവനുകള്‍ ഇവിടെ അപായപ്പെടുന്നുണ്ട്.
ഇങ്ങനെയൊരു അവസ്ഥയില്‍ ഇത് പോലുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു വിദഗ്ദ്ധ സുരക്ഷാ സംഘത്തെ നിയോഗിക്കുക എന്നത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. ഈ സംഘത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, അഗ്നി ശമന വിദഗ്ദ്ധര്‍, പ്രാഥമിക ശ്രുശ്രൂഷകര്‍, സുരക്ഷാ വിദഗ്ദ്ധര്‍ എന്നിവരെ നിയോഗിക്കണം. അതാത് കേന്ദ്രങ്ങളിലെ സവിശേഷതകള്‍ക്ക് അനുയോജ്യമായി ഇവര്‍ക്ക് അടിയന്തര ഘട്ടങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചും രക്ഷാ മാര്‍ഗങ്ങളെ കുറിച്ചും വ്യക്തമായ പരിശീലനവും ആവശ്യമായ ഉപകരണങ്ങളും നല്‍കണം. സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഇങ്ങനെയൊരു സംഘത്തിന് കഴിയും.
ഇവയൊക്കെ വികസിത രാജ്യങ്ങളില്‍ മാത്രമേ നടക്കൂ എന്ന് വിമര്‍ശിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ മിക്കവരും. എന്നാല്‍ എത്ര വിഭവ ശേഷിയുള്ള രാജ്യമായാലും ഒരു മഹാ ദുരന്തം നേരിടുമ്പോള്‍ പാകപ്പിഴകള്‍ വരാം. പക്ഷെ വേണ്ടത്ര സുരക്ഷയുടെ 50 ശതമാനമെങ്കിലും പാലിക്കുകയാണെങ്കില്‍ നമ്മുടെ സുരക്ഷ അത്രയും വര്‍ദ്ധിക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നമ്മുടെ നാട്ടിലെ സുരക്ഷാ സംവിധാനങ്ങളില്‍ സമൂലമായ മാറ്റം ആവശ്യമാണ്. ആരോഗ്യകരമായ ഒരു സുരക്ഷാ സംസ്കാരം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന് വളരെ വലിയ പങ്കുണ്ട്. മറ്റു രാജ്യങ്ങളില്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പഠിക്കുകയും, അതനുസരിച്ച് നമ്മുടെ നയ നിയമ വ്യവസ്ഥകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി സുരക്ഷയുടെ കാര്യത്തില്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ മഹാ ദുരന്തം അതിനായുള്ള ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ. ഇനിയൊന്ന് ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.
– ലിജി അരുണ്‍
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും സേഫ്റ്റി എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ലേഖിക ദുബായില്‍ ഒരു പ്രമുഖ നിര്‍മ്മാണ സ്ഥാപനത്തില്‍ സേഫ്റ്റി എന്‍ജിനിയര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.)
ഫോട്ടോകള്‍ക്ക് കടപ്പാട് : സഞ്ചാര കാഴ്ചകള്‍