
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തം അന്വേഷിച്ച ജസ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനെ സ്വാധീനിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്‍കിയ സ്വകാര്യ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. കേരള കണ്‍സ്യൂമര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷാഹുല്‍ ഹമീദായിരുന്നു ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രിയെ പോലെ ഉന്നത പദവിയില്‍ ഇരിക്കുന്ന വര്‍ക്കെതിരെ ഹര്‍ജി നല്‍കുമ്പോള്‍ വേണ്ടത്ര നിയമോപദേശം തേടണമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മജിസ്ട്രേട്ട് ചെറിയാന്‍ വര്‍ഗ്ഗീസ് ഹര്‍ജി തള്ളിയത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഹര്‍ജി നല്‍കേണ്ടി യിരുന്നത് ജസ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനായിരുന്നു എന്നും ഹര്‍ജിക്കാരന് അതിനു നിയമപരമായി അവകാശം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സി. പി. എം. മുന്‍ കണ്ണൂര്‍ സെക്രട്ടറിയുമായിരുന്ന പി. ശശി ഒരു കത്തിലൂടെ വി. എസിനെതിരെ ഉന്നയിച്ചതെന്ന് പറയപ്പെടുന്ന ആരോപണങ്ങളുടെ പേരിലായിരുന്നു ഹര്‍ജി നല്‍കിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ക്കെതിരെ കേസെടുക്കുവാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഹര്‍ജിക്കാരനു വ്യക്തമായ മറുപടി നല്‍കുവാന്‍ സാധിച്ചില്ല.




കോട്ടയം: ളക്കാട്ടൂര്‍ ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടു വന്ന കൊമ്പന്‍ ഉണ്ണിപ്പിള്ളീ കാളിദാസന്‍ വിരണ്ടോടി. ഇന്നലെ ഉച്ചക്ക് ശേഷം ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ കാളിദാസനെ പാപ്പാന്മാര്‍ ചമയം അണിയിക്കു ന്നതിനിടയില്‍ തൊട്ടടുത്തു നിന്ന ഉണ്ണിപ്പിള്ളി ഗണേശനെ കുത്തി വീഴ്ത്തി മുന്നോട്ടോ ടുകയായിരുന്നു. തുടര്‍ന്ന് ഒരു ബൈക്കും ഓട്ടോയും കുത്തി മറിച്ചു. കൂടാതെ ഉത്സവ പ്പറമ്പിലെ രണ്ടു കടകളും ആന നശിപ്പിച്ചു. ആന വിരണ്ടത് കണ്ട് ഭയന്നോടിയ ചിലര്‍ക്ക് പറ്റിക്കേറ്റു. ക്ഷേത്ര വളപ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ കൊമ്പനെ അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പാന്മാരെ അടുപ്പിച്ചില്ല. അപ്പോളേക്കും വലിയ ആള്‍ക്കൂട്ടം ആനയ്ക്ക് ചുറ്റും കൂടി. ആളുകളുടെ ആരവം കെട്ട് ആന പരിഭ്രാന്തനായി പാമ്പാടി ഭാഗത്തേക്ക് ഓടി. ആളുകള്‍ പുറകെ ഓടിയതൊടെ ആന മുന്നോട്ട് കുതിച്ചു. ആന വിരണ്ടതറിഞ്ഞ് കൂടുതല്‍ ആളുകള്‍ ആനയുടെ പുറകെ കൂടിയതോടെ രംഗം വഷളായി. ഇതിനിടയില്‍ ചിലര്‍ ആനയെ കല്ലെറിഞ്ഞതും ആനയെ കൂടുതല്‍ പ്രകോപിതനാക്കി.

























