എറണാകുളം : എറണാകുളത്തെ പ്രമുഖ ലോട്ടറി ഏജന്‍സിയായ “ശിങ്കാര“ ത്തിന്റെ ഓഫീസിലും, ഗോഡൌണിലും, ഉടമയുടെ വീട്ടിലുമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഒരു കോടിയോളം രൂപയും ഒന്നര കിലോയോളം വരുന്ന സ്വര്‍ണ്ണ, വെള്ളി നാണയങ്ങളും പിടിച്ചെടുത്തു. നാലര കോടിയുടെ ബാങ്ക് ഇടപാടുകളുടേയും, ലക്ഷങ്ങളുടെ ബാങ്ക് ഡിപ്പോസിറ്റിന്റേയും രേഖകളും റെയ്ഡിനിടയില്‍ കണ്ടെടുത്തു.
രാവിലെ പതിനൊന്നു മണിയോടെ ആണ് റെയ്ഡ് തുടങ്ങിയത്. ചാക്കില്‍ കെട്ടിയ നിലയിലും മറ്റും ലക്ഷക്കണക്കിനു രൂപ വില വരുന്ന ലോട്ടറി ടിക്കറ്റുകള്‍ ഇവിടെ കണ്ടെത്തി.
സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ മൊത്ത വിതരണക്കാരാണ് ഇവര്‍. ലോട്ടറി ഏജന്റുമാര്‍ സ്വന്തം നിലയ്ക്ക് ടിക്കറ്റ് അച്ചടിച്ച് വിതരണം ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് റെയ്ഡ് നടന്നത്.
ഓരോ ദിവസവും കോടികള്‍ വില വരുന്ന അന്യ സംസ്ഥാന ലോട്ടറികളാണ് കേരളത്തില്‍ വിറ്റഴിയുന്നത്. ദിവസ വരുമാനക്കാരായ തൊഴിലാളികളാണ് അധികവും ഇത്തരം ലോട്ടറികള്‍ വാങ്ങുന്നത്.



പാലക്കാട് : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ “ദര്‍ശന” യുടെ നാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് പാലക്കാട് ആരംഭിക്കും. രണ്ടു ദിവസം നീളുന്ന വാര്‍ഷിക സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കും. വാര്‍ഷിക പൊതു യോഗത്തിന് ശേഷം വൈകീട്ട് 6 മണി മുതല്‍ 8:30 വരെ പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ നയിക്കുന്ന ഗസല്‍ സന്ധ്യ മോയന്‍ സ്ക്കൂളില്‍ അരങ്ങേറും.
ജെര്‍മ്മനി : e പത്രത്തില്‍ നിരവധി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുള്ള കാര്‍ട്ടൂണിസ്റ്റ് ഡോ. തോമസ് കൊടെങ്കണ്ടത്തിന്റെ കാര്‍ട്ടൂണ്‍ അന്താരാഷ്‌ട്ര ചിത്ര മല്‍സരത്തില്‍ സമ്മാനാര്‍ഹമായി. UNESCO, IUPAC – International union of Pure and applied Chemistry, എന്നീ അന്താരാഷ്ട്ര സംഘടനകള്‍ 2011 അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ രസതന്ത്ര സൊസൈറ്റി (European Chemical Society) “എല്ലാം രസതന്ത്രം” (Everything is Chemistry) എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ അന്താരാഷ്‌ട്ര ചിത്ര മത്സരത്തിലാണ് ഡോ. തൊമ്മിയുടെ “Chemistry is Life and Everything” എന്ന കാര്‍ട്ടൂണ്‍ സമ്മാനാര്‍ഹമായത്.

























