പാലക്കാട് : പുത്തൂര്‍ ഷീല വധ കേസില്‍ പോലീസ് പിടിയിലായ സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട കേസില്‍ 12 പോലീസുകാരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് സബ് ഇന്‍സ്പെക്റ്റര്‍മാരും, ഒരു അസിസ്റ്റന്റ് സബ് ഇന്സ്പെക്റ്ററും ഇതില്‍ ഉള്‍പ്പെടുന്നു.
നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്. ഐ. രമേഷ്, സൗത്ത് സ്റ്റേഷനിലെ എസ്. ഐ. ഉണ്ണിക്കൃഷ്ണന് എന്നിവരാണ് പ്രതികളായ എസ്. ഐ. മാര്‍. എ. എസ്. ഐ. രാമചന്ദ്രന്, ക്രൈം ഡിറ്റാച്ച്മെന്റിലെ ജോണ്‍ റോബോ, ശ്യാമ പ്രസാദ്, ഷില്ലന്‍, റഷീദ്, പ്രജിത്ത്, മാധവന്, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ്, ബിജു, വിജയന് എന്നിവരാണ് മറ്റ് പ്രതികള്‍.
മാര്‍ച്ച് 23നാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. മാര്‍ച്ച് 28ന് പോലീസ് സമ്പത്തിനെയും വേറെ രണ്ടു പേരെയും കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കാതെ ഒരു രഹസ്യ സങ്കേതത്തില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനായി മൂന്നാം മുറ ഉപയോഗിക്കുകയും കൊടിയ പീഡനത്തെ തുടര്‍ന്ന് പ്രതി കൊല്ലപ്പെടുകയും ആയിരുന്നു.
പ്രതി മര്‍ദ്ദനം മൂലമാണ് മരിച്ചത് എന്ന സമ്പത്തിന്റെ ബന്ധിക്കളുടെ ആരോപണം ശരി വെയ്ക്കുന്നതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവത്തെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു. പ്രതി പട്ടിക സമര്‍പ്പിച്ചുവെങ്കിലും സംഭവവുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.