ന്യൂഡല്‍ഹി : ആനകളുടെ പ്രശ്നങ്ങളെ പറ്റി പഠനം നടത്തുവാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സംഘം ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിക്കുവാന്‍ നിര്‍ദ്ദേശിച്ചു. കടുവകളെ സംരക്ഷിക്കുവാനായി സ്ഥാപിച്ച ദേശീയ കടുവാ സംരക്ഷണ സമിതി പോലെ ഒരു ആന സംരക്ഷണ സമിതി രൂപീകരിക്കണം എന്നും ഇന്ന് പുറത്തിറക്കിയ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ആനകളുടെ വിശദമായ കണക്കെടുപ്പ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഈ കണക്കെടുപ്പില്‍ ആനകളുടെ വയസ്സും ലിംഗവും വേര്‍തിരിക്കണം. ആനകളുടെ ലിംഗ അനുപാതം ആശങ്കാ ജനകമാണ്. പെരിയാര്‍ ആന സംരക്ഷണ കേന്ദ്രത്തില്‍ നൂറു പിടിയാനകള്‍ക്ക് ഒരു കൊമ്പനാണ് ഇപ്പോള്‍ നിലവിലുള്ള ലിംഗ അനുപാതം.
വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആന വാസമുള്ള വന പ്രദേശങ്ങള്‍ നശിപ്പിക്കുന്നത് തടയണം. ഇതോടൊപ്പം തന്നെ ജനവാസ കേന്ദ്രങ്ങളില്‍ ആന ശല്യം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളും പരിഹരിക്കണം എന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. പ്രതി വര്ഷം 400 പേരെങ്കിലും ഇന്ത്യയില്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്.
ആനകളെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ “ഗജ പ്രജ” എന്ന ഒരു പദ്ധതിയും റിപ്പോര്‍ട്ടില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം