തിരുവനന്തപുരം : മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന കെ. എം. ഷാജഹാന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുന്നു. അദര്‍കേരള ഡോട്ട് ഇന്‍ എന്ന ഈ പോര്‍ട്ടല്‍ മറ്റാരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ പലതും തുറന്നു പറയും എന്ന് പറയുന്ന ഇദ്ദേഹം ഒന്ന് രണ്ടാഴ്ച്ച കള്‍ക്കുള്ളില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നും പറയുന്നു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി. എസ്. അച്യുതാനന്ദന്‍ ജന പ്രിയ നേതാവായതിനു പുറകിലെ പ്രധാന ബുദ്ധി കേന്ദ്രങ്ങളില്‍ ഒരാളായിരുന്നു കെ. എം. ഷാജഹാന്‍ എന്നാണ് കരുതപ്പെടുന്നത്. വി. എസ്. അക്കാലത്ത് ഏറ്റെടുത്ത ജനകീയ പ്രശ്നങ്ങള്‍ ഇദ്ദേഹമായിരുന്നു വി. എസിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നത് എന്ന് പറയപ്പെടുന്നു.
എന്നാല്‍ പിന്നീട് വി. എസുമായി അഭിപ്രായ ഭിന്നതയുണ്ടായ ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നും അകലുകയും പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്തു.
താന്‍ തുടരുന്ന പോരാട്ടം ശക്തിപൂര്‍വ്വം മുന്നോട്ട് കൊണ്ട് പോകാനാണ് താന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുന്നത് എന്ന് ഷാജഹാന്‍ വ്യക്തമാക്കുന്നു. വരും കാലത്തിന്റെ മാധ്യമം വെബ് തന്നെയാണ് എന്ന് താന്‍ മനസ്സിലാക്കുന്നു. ആര്‍ക്കും അവഗണിക്കാന്‍ ആവാത്ത ശക്തിയായി ഓണ്‍ലൈന്‍ മാധ്യമം മാറുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവാതെ പുറം തിരിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്ന ചില “താപ്പാനകള്‍” മാധ്യമ രംഗത്ത് വിഹരിക്കുന്നുണ്ട്. ഇവര്‍ മൂഢ സ്വര്ഗ്ഗത്തിലാണ് കഴിയുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ അപാരമായ സാദ്ധ്യത മനസ്സിലാക്കിയാണ് താന്‍ ന്യൂസ് പോര്‍ട്ടല്‍ എന്ന ആശയത്തില്‍ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍