തൃശൂര്‍ : പൂര നഗരിയിലെ പ്രദക്ഷിണ വഴിയില്‍ പുലികള്‍ ചെണ്ടയുടെ താളത്തില്‍ ചുവടു വെച്ചപ്പോള്‍ നാടും നഗരവും അവിടേക്ക് ഒഴുകിയെത്തി. മെയ്യെഴുത്തിന്റേയും അലങ്കാരങ്ങളുടേയും പുള്ളിയും വരയുമായി നൂറു കണക്കിനു പുലികള്‍ ആണ് ഇന്നലെ സന്ധ്യക്ക് നഗരത്തില്‍ ഇറങ്ങിയത്. നടുവിലാലില്‍ ഗണപതിയ്ക്ക് നാളികേരം ഉടച്ച് ചുവടു വെയ്ക്കാന്‍ ആദ്യം എത്തിയത് കാനാട്ടുകര സംഘമായിരുന്നു. ആര്‍പ്പും വിളിയുമായി കാണികള്‍ അവരെ വരവേറ്റു. പിന്നെ വെളിയന്നൂര്‍ സംഘത്തിന്റെ ഊഴമായി. അവരും ആവേശം പകരുന്ന ചുവടുകളുമായി മുന്നേറി. മഴയുടെ ചെറിയ ശല്യം ഉണ്ടയിരുന്നുവെങ്കിലും പുലി കളിയുടെ താളം മുറുകിയപ്പോള്‍ ആവേശം മൂത്ത് അവര്‍ക്കൊപ്പം ആസ്വാദകരും കൂടി. കീരം കുളങ്ങരയും, ചക്കാമുക്കും, തൃക്കുമാരം കുടവും, വിയ്യൂരും, വെളിയന്നൂരും, സീതാറാം മില്ലും, പൂങ്കുന്നം സെന്ററും, പെരിങ്ങാവും, കാനാട്ടുകരയും എല്ലാമായി പത്തോളം പുലി സംഘങ്ങള്‍ പങ്കെടുത്തു.
മനോഹരവും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്കൊപ്പം ആനയിച്ചിരുന്നു. ആസ്വാദകരെ നിയന്ത്രിക്കുവാനും പുലിക്കളിയെ ഗംഭീരമാക്കുവാനും പുലിക്കളി കോ – ഓര്‍ഡിനേഷന്‍ കമ്മറ്റിയും പോലീസും ആവശ്യമായ സൌകര്യം ഒരുക്കിയിരുന്നു.
പുലിക്കളി അവതരിപ്പിക്കുവാനായി ഓരോ സംഘത്തിനും ലക്ഷങ്ങളാണ് ചിലവു വരുന്നത്. അതിരാവിലെ മുതല്‍ മേല്‍ചുട്ടിയിടല്‍ ആരംഭിക്കുന്നു. പുലികളിക്ക് ആളുകളെ സെലക്ട് ചെയ്യുന്നതില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. തടിയന്മാര്‍ക്കും കുടവയറന്മാര്‍ക്കും ആണ് കൂടുതല്‍ ഡിമാന്റ്. കുടവയറില്‍ പുലിമുഖത്തിന്റെ ഡിസൈനുകള്‍ക്ക് കൂടുതല്‍ ചാരുത ഉണ്ടാകും.
പുലികളിക്ക് ഒരുങ്ങുന്നവരുടെ ശരീരത്തില്‍ ആദ്യം ബേസ് കളര്‍ അടിക്കുന്നു. പിന്നെ അതിനു മുകളില്‍ കലാകാരന്മാര്‍ പുലി രൂപങ്ങള്‍ വരച്ചെടുക്കുന്നു. വരയന്‍ പുലികള്‍, പുള്ളിപ്പുലികള്‍ എന്നിങ്ങനെ രണ്ടു തരം “പുലി ഡിസൈനുകള്‍“ ആണ് ഉള്ളത് എങ്കിലും ഇതില്‍ വ്യത്യസ്ഥത വരുത്തുവാന്‍ ഓരോ സംഘവും ശ്രമിക്കുന്നു. ഇത്തവണ ഫ്ലൂറസന്റ് നിറങ്ങള്‍ കലര്‍ത്തിയ ഡിസൈനുകളും ഉണ്ടായിരുന്നു. ഈ വരകള്‍ രാത്രിയില്‍ വെട്ടിത്തിളങ്ങി.
പ്രദക്ഷിണ വഴിയില്‍ താളച്ചുവടുകളുമായി വലം വച്ച്, ഒടുവില്‍ വടക്കുംനാഥനെ വണങ്ങി പുലികള്‍ വിട പറഞ്ഞതോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനമായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്സവം