
തിരുവനന്തപുരം : നിലവിലെ കെ. പി. സി. സി. പ്രസിഡന്റ് രമേഷ് ചെന്നിത്തല മുഖ്യമന്ത്രി പദം ലക്ഷ്യമാക്കി ഹരിപ്പാട് മത്സരിക്കുന്നതോടെ പുതിയ അദ്ധ്യക്ഷന്‍ ആരായിരിക്കുമെന്ന് അണികള്‍ നോക്കി നില്‍ക്കുമ്പോള്‍ ചിലര്‍ ആ പദവിക്കു വേണ്ടി ചരടു വലി തുടങ്ങി ക്കഴിഞ്ഞു. ആദ്യമേ മത്സരിക്കുന്നില്ലെന്നു പറഞ്ഞു മാറി നിന്ന വി. എം. സുധീരന്‍, യു. ഡി. എഫ്. കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ എന്നിവരുടെ പേരുകളാണ് പ്രധാന പരിഗണനയില്‍ ഉള്ളതെങ്കിലും, നിലവിലെ കെ. പി. സി. സി. വൈസ് പ്രസിഡന്റ് മാരില്‍ ആരോഗ്യ പ്രശ്നത്താല്‍ തല്‍ക്കാലം മാറി നില്‍ക്കുന്ന തലേകുന്നില്‍ ബഷീറിന്റെ പേരും പരിഗണനയില്‍ ഉണ്ട്. ആലുവയില്‍ മത്സരിക്കാന്‍ എത്തുകയും സിറ്റിങ് എം. എല്‍. എ. കെ. മുഹമ്മദലിയുടെ ശക്തമായ എതിര്‍പ്പിനാല്‍ പിന്മാറേണ്ടി വന്ന എം. എം. ഹസ്സനും ഈ പദവിക്കായി ചരടു വലി നടത്തുന്നുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നും ഒരാള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. വി. എം. സുധീരനാണ് ഏറെ സാദ്ധ്യത എങ്കിലും, പല കാര്യങ്ങളിലും പാര്‍ട്ടിക്കതീതമായി തീരുമാനമെടുക്കുകയും, പരസ്യമായി രംഗത്തു വരുകയും ചെയ്യുന്ന ആളെ തന്നെ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഇരുത്തുന്നത് ഉചിതമല്ലെന്നാണ് ചിലര്‍ പറയുന്നത്. അബ്ദുള്ളകുട്ടി സുധീരനെതിരെ പ്രസ്താവന നടത്തിയിട്ടും രമേഷ് ചെന്നിത്തല അബ്ദുള്ളകുട്ടിയെ ന്യായീകരിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.






തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ള നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ചു. ബാലകൃഷ്ണ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചത് കോണ്ഗ്രസില്‍ ഏറെ ആശയ കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് കോണ്ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പി. പി. തങ്കച്ചനും ബാലകൃഷ്ണ പിള്ളയെ പൂജപ്പുര ജയിലില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഇതിനു ശേഷമാണ് താന്‍ മത്സരിക്കുന്നില്ല എന്ന് പിള്ള അറിയിച്ചത്.
























