ചെറായി: ചെറായില്‍ നടന്ന ആനകളുടെ തലപൊക്ക മത്സരത്തില്‍ മന്ദലാംകുന്ന് അയ്യപ്പനെ അടിയറവു പറയിച്ചു കൊണ്ട് പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയിയായി. ഇഞ്ചോടിഞ്ച് മത്സരത്തില്‍ അയ്യപ്പനെ അടിയറവു പറയിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ അവന്റെ ആരാധകരുടെ ആവേശം അണപൊട്ടി. ഇനി ചെറായി ഉത്സവത്തിലെ ഈ വര്‍ഷത്തെ തിടമ്പ് പട്ടത്ത് ശ്രീകൃഷ്ണനു സ്വന്തം. തെക്കേ ചെരുവാരവും വടക്കേ ചെരുവാരവും തമ്മില്‍ ആയിരുന്നു മത്സരം. തെക്കേ ചേരുവാരത്തിനായി വേദിയില്‍ എത്തിയത് പട്ടത്തു ശ്രീകൃഷണന്‍ ആയിരുന്നു വടക്കേ ചേരുവാരത്തിന്റെ മത്സരാര്‍ഥി മന്ദലാംകുന്ന് അയ്യപ്പനും.
ഏറെ പ്രസിദ്ധമാണ് ചെറായിലെ തലപൊക്ക മത്സരം. ചെറായിലെ മത്സരവേദിയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അടക്കം കേരളത്തില പ്രമുഖരായ പല ആനകളും മാറ്റുരച്ചിട്ടുണ്ട്. ചെറായി ക്ഷേത്രത്തിലെ ഗജമണ്ഡപം ആയിരുന്നു പതിവു പോലെ മത്സര വേദി. നെറ്റിപ്പട്ടവും കഴുത്തില്‍ മണിയും കാല്‍മണിയും അണിഞ്ഞ് കുളിച്ചൊരുങ്ങി പട്ടത്ത് ശ്രീകൃഷ്ണനും മന്ദലാംകുന്ന് അയ്യപ്പനും നിന്നു. മത്സരം നടക്കുമ്പോള്‍ പാപ്പാന്മാരോ മറ്റ് ആരെങ്കിലുമോ ആനകളെ നേരിട്ടോ തോട്ടിയോ വടിയോ ഉപയോഗിച്ചോ സ്പ്രര്‍ശിക്കുവാന്‍ പാടില്ല. ഏഴുമിറ്റു നേരം ആനകള്‍ തലയുയര്‍ത്തിനിന്ന് പരസ്പരം മത്സരിക്കും. ഇവിടെ മത്സരം ആരംഭിച്ചപ്പോള്‍ തന്നെ പട്ടത്ത് ശ്രീകൃഷ്ണനായിരുന്നു മുന്‍തൂക്കം. പട്ടത്ത് ശ്രീകൃഷ്ണന്റേത് ഒറ്റനിലവായിരുന്നു എന്നാല്‍ അയ്യപ്പനാകട്ടെ ഇടയ്ക്ക് തുമ്പിയുയര്‍ത്തിയും തലതാഴ്ത്തിയും നിന്നതോടെ പട്ടത്ത് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ ഫൈനല്‍ ബെല്‍ മുഴങ്ങുമ്പോഴേക്കും കാണികള്‍ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണനു സുബ്രമണ്യന്റെ തിടമ്പും അയ്യപ്പനു ശിവന്റെ തിടമ്പും നല്‍കി ശീവേലി നടത്തി. മത്സരം കാണുവാനായി നൂറുകണക്കിനു ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.