തിരുവനന്തപുരം: പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനും അങ്കിള്‍ എന്ന പേരില്‍ പ്രശസ്തനുമായ ബ്ലോഗ്ഗര്‍ എന്‍. പി. ചന്ദ്രകുമാര്‍ ഹൃദ്‌രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്റെര്‍ണല്‍ ഓഡിറ്റ് ബോര്‍ഡിന്റെ സ്ഥാപക സെക്രട്ടറി യായിരുന്നു.
ശ്രീ പത്മനാഭ പിള്ളയുടേയും ശ്രീമതി ഓമന അമ്മയുടേയും മകനായി 1943 ഫെബ്രുവരി 25നു ആയിരുന്നു ജനനം. ഭാര്യ ചന്ദ്രിക സംഗീത് (അമേരിക്ക) മകനും, ചിത്ര (ദില്ലി) മകളുമാണ്. 1986-ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ. ജി. നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഓഡിറ്റേഴ്സ് ഇന്ത്യയിലെ അംഗമായിരുന്നു.
റിട്ടയര്‍മെന്റിനു ശേഷം വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് നിരന്തരം പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രകുമാര്‍ ഉപഭോക്താവ്, സര്‍ക്കാര്‍ കാര്യം എന്നീ ബ്ലോഗ്ഗുകളിലൂടെ വിവരാവകാശവുമായും ഉപഭോക്താവിന്റെ അവകാശങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇത് വഴി വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പൊതുജനങ്ങളില്‍ എത്തിക്കുവാന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. ഈ നിയമം സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു.
വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജന പ്പെടുത്തിക്കൊണ്ട് പല സര്‍ക്കാര്‍ ഓഫീസുകളിലേയും അഴിമതിയും കെടുകാര്യസ്ഥത യുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. വിവരങ്ങള്‍ പുറത്തു വന്നാല്‍ കുഴപ്പമാകും എന്ന ഭയപ്പെടുന്ന ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഒട്ടേറെ വിവാദമുണ്ടാക്കിയ ഇരിങ്ങാപ്പുറം പ്രകാശ് ശങ്കര്‍ എന്ന ആനയുടെ കൊലപാതവുമായി ബന്ധപ്പെട്ട രേഖകള്‍ ഇനിയും തൃശ്ശൂര്‍ ഡി. എഫ്. ഓ. ഓഫീസില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചില്ല എന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം അതിന്റെ തുടര്‍ നടപടികളില്‍ നിന്നും പിന്‍ വാങ്ങുകയായിരുന്നു.