അങ്കമാലി: അങ്കമാലിക്ക് സമീപം ദേശീയപാതയില്‍ കരിയാംപറമ്പില്‍ മന്ത്രി കെ.സി ജോസഫിന്റെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരിയാംപറമ്പ് സ്വദേശി കെ.സുന്ദരേശ മേനോന്‍, കുറുപ്പംപടി മാളിയെത്ത് വീട്ടില്‍ വിജയന്‍ എന്നിവരാണ് മരിച്ചത്. കരിയാംപറമ്പ് സ്വദേശി തോമസ് എബ്രഹാമിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ എല്‍. എഫ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മന്ത്രി കെ.സി ജോസഫ്. മന്ത്രി വാഹനം അമിത വേഗത്തില്‍ ആയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിനു പോലീസ് എക്‌സ്കോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും കാറിന്റെ ചുവന്ന ബീക്കണ്‍ ലൈറ്റ് തെളിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരുമിച്ചു റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നുപേരെയും മന്ത്രി സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു. മന്ത്രിയുടെ കാറിലാണ് വിജയനെ ആശുപത്രിയിലെത്തിച്ചത്. മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയില്‍ തങ്ങി. ഡല്‍ഹി യാത്ര റദ്ദാക്കി.